പ്രതീകാത്മക ചിത്രം | ഫയൽ ഫോട്ടോ

ഒരേ റൂട്ടില്‍ യാത്രക്കാരില്ലാതെ ബസുകള്‍ നിരനിരയായി ഓടുന്ന സാഹചര്യം ഒഴിവാക്കിയത് ചെലവ് ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

ചെലവ് കുറയ്ക്കലിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കാന്‍ നീക്കം തുടങ്ങി. ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും ഇന്ധനവിനിയോഗം കൃത്യമായി വിലയിരുത്താനുമാണ് നീക്കം. വിവിധ തലങ്ങളില്‍ ഇന്ധന ഉപയോഗത്തിന്റെ കണക്ക് ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യും.

ബസുകള്‍ ഓരോ ട്രിപ്പിലും ഓടുന്ന കിലോമീറ്റര്‍ ഡ്രൈവര്‍മാര്‍ രേഖപ്പെടുത്തണം. ഗാരേജിന്റെ ചുമതലയുള്ളയാള്‍ ദിവസവും ഓരോ ഷെഡ്യൂളിനും ഉപയോഗിക്കേണ്ട ഡീസലിന്റെ അളവ് കണക്കാക്കണം. ഏതെങ്കിലുമൊരു ബസില്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിക്കേണ്ടിവന്നാല്‍ ഉടന്‍തന്നെ പരിഹാരനടപടികളെടുക്കണം. ഓരോ ബസിന്റെയും ഓരോ ഡിപ്പോയുടെയും ഡീസല്‍ച്ചെലവ് കൃത്യതയോടെ നിരീക്ഷിക്കുകയും ചെലവ് കുറയ്ക്കാത്ത ഡിപ്പോകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ നിശ്ചിതസമയം അനുവദിക്കുകയും ചെയ്യുന്നുണ്ട്.

നടപടികളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് നീക്കം. ഇന്ധനക്ഷമതയെ ബാധിക്കുന്ന തരത്തില്‍ ബസുകള്‍ക്കുള്ള തകരാറുകള്‍ കണ്ടെത്തിയാല്‍ പെട്ടെന്നുതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് പുതിയ നിര്‍ദേശം. ക്ലച്ചിന്റെ തകരാറുകള്‍, എയര്‍ ലീക്ക്, ഡീസല്‍ ചോര്‍ച്ച, ബ്രേക്ക് ജാമിങ് തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ബസുകള്‍ ഗാരേജിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തണം.

വേനല്‍ച്ചൂട് ഏറിയതോടെ ഉച്ചസമയങ്ങളില്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. അതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സര്‍വീസുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളടക്കമുള്ളവ വിവിധ ഡിപ്പോകളില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ബസുകളിലെ യാത്രക്കാരെ അതേ റൂട്ടിലോടുന്ന മറ്റ് ബസുകളില്‍ കയറ്റിവിടും. ഒരേ റൂട്ടില്‍ യാത്രക്കാരില്ലാതെ ബസുകള്‍ നിരനിരയായി ഓടുന്ന സാഹചര്യം ഒഴിവാക്കിയത് ചെലവ് ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.