വിരാട് കോലി | PTI
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ച് ബെംഗളൂരു താരം വിരാട് കോലി. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലി അര്‍ധ സെഞ്ചുറി നേടി ടീമിന്റെ നെടും തൂണായി പ്രവര്‍ത്തിച്ചു. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 59 പന്തില്‍ 83 റണ്‍സാണ് പുറത്താവാതെ കോലി നേടിയത്.
ഇതേ വേദിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 49 പന്തില്‍ 77 റണ്‍സാണ് കോലി നേടിയത്. ഇതോടെ 181 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസനെ മറികടന്ന് കോലി ഒന്നാമതെത്തി. 143 റണ്‍സുമായി ക്ലാസന്‍ രണ്ടാമതും 127 റണ്‍സുമായി റിയാന്‍ പരാഗ് മൂന്നാമതുമാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോഡും കോലി സ്വന്തം പേരില്‍ ചേര്‍ത്തു. 240 സിക്‌സുകളാണ് കോലി നേടിയത്. ചക്രവര്‍ത്തി എറിഞ്ഞ 12-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സിനു പറത്തിയാണ് കോലിയുടെ നേട്ടം. 239 സിക്‌സ് നേടിയ ക്രിസ് ഗെയിലിനെയും 238 സിക്‌സ് നേടിയ എ ബി ഡിവില്ലിയേഴ്‌സിനെയുമാണ് മറികടന്നത്.
