മുക്താർ അൻസാരിയുടെ സംസ്‌കാരച്ചടങ്ങിൽനിന്ന് | Photo: PTI

ന്യൂഡല്‍ഹി: ജയില്‍ശിക്ഷ അനുഭവിക്കവേ മരിച്ച ഉത്തര്‍ പ്രദേശ് മുന്‍ എം.എല്‍.എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ സ്വദേശമായ ഗാസിപുറിലെ മൊഹമ്മദാബാദിലെ കാലിബാഗ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടന്നത്.

അന്‍സാരിയുടെ മാതാപിതാക്കളുടെ ശവകുടീരങ്ങള്‍ക്ക് സമീപമാണ് അദ്ദേഹത്തിന്റെയും മൃതദേഹം സംസ്‌കരിച്ചത്. മകന്‍ ഉമര്‍ അന്‍സാരിയും മറ്റ് കുടുംബാംഗങ്ങളും നേതൃത്വം നല്‍കിയ ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ പൂര്‍ത്തിയായി.

ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് ബുദ്ധിമുട്ടേണ്ടിവന്നു. എത്തിയവരില്‍ പലരും ശ്മശാനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പലരും മുദ്രാവാക്യങ്ങളും മുഴക്കി. സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തെയും അന്‍സാരിയുടെ വീടിന് പരിസരത്തും ശ്മശാനത്തിന് സമീപത്തും വിന്യസിച്ചിട്ടുണ്ട്.

അബോധാവസ്ഥയിലായ അന്‍സാരിയെ വ്യാഴാഴ്ച വൈകിട്ടാണ് ബാന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി മരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ കനത്ത പോലീസ് സാന്നിധ്യത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത്.

അഞ്ചുവട്ടം യു.പി. നിയമസഭാംഗമായിട്ടുണ്ട് അന്‍സാരി. മാവു മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഗാസിപുറിലും സമീപ ജില്ലകളിലും മാവുവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയിലിനുള്ളില്‍വെച്ച് കുറഞ്ഞ അളവില്‍, തുടര്‍ച്ചയായി വിഷം നല്‍കിയാണ് അന്‍സാരിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ബാന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്നംഗ സമതിയാണ് മജിസ്‌ട്രേട്ടുതല അന്വേഷണം നടത്തുക.