ഡീസൽ എൻജിനിൽ വോൾവോ നിർമിച്ച XC90 എസ്.യു.വിയുടെ അവസാനത്തെ യൂണിറ്റ് | Photo: Volvo

ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് വാഹനങ്ങളുടെ വലിയ നിരയാണ് എത്തുന്നത്

2030-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് സ്വീഡിഷ് കമ്പനിയായ വോള്‍വോ. ഡീസല്‍ കാറുകളുടെ ഉത്പാദനം ഈ വര്‍ഷം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വോള്‍വോയില്‍ നിന്നുള്ള അവസാനത്തെ ഡീസല്‍ കാര്‍ കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്.സി.90 മോഡലാണ് ഡീസല്‍ എന്‍ജിനില്‍ അവസാനമായി പുറത്തിറങ്ങിയ വാഹനം.

ബെല്‍ജിയം, ഗെന്റ് പ്ലാന്റിലാണ് ഈ വാഹനം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ട്. നീലനിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അവസാനത്തെ ഡീസല്‍ വാഹനം എന്ന നിലയില്‍ വോള്‍വോയുടെ മ്യൂസിയമായ വേള്‍ഡ് ഓഫ് വോള്‍വോയില്‍ പ്രദര്‍ശനത്തിനായി സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14 മുതല്‍ ഈ വാഹനം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നുമാണ് സൂചനകള്‍.

വിപണിയിലെ മാറ്റങ്ങളും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളുമാണ് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് വോള്‍വോ അറിയിച്ചത്. ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് എന്നീ വാഹനങ്ങളുടെ നിര്‍മാണത്തിനായിരിക്കും വോള്‍വോ ഇനി പ്രധാന്യം നല്‍കുക. പുതിയ ഐസ് എന്‍ജിനുകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ വോള്‍വോയിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഐസ് എന്‍ജിനിലുള്ള വാഹനങ്ങളുടെ നിര്‍മാണം പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് വാഹനങ്ങളുടെ വലിയ നിരയാണ് എത്തുന്നത്. ഇ.എം.90, ഇ.എക്‌സ്.30, ഇ.എക്‌സ്.90, ഇ.എക്‌സ്.40 എന്നീ വാഹനങ്ങളാണ് വോള്‍വോയുടെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് എത്താനുള്ള മോഡലുകള്‍. വോള്‍വോ ഇലക്ട്രിക് വാഹനങ്ങളുടെ പേരുകളിലും മാറ്റം വരുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റീചാര്‍ജ് എന്നുള്ള പേരാണ് ഇ.വിയില്‍ നിന്നും നീക്കുന്നത്.

വോള്‍വോയുടെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ എന്‍ജിനിലാണ് ഏറ്റവും ഒടുവിലെ ഡീസല്‍ മോഡലായ എക്‌സ്.സി.90 എസ്.യു.വി. ഒരുക്കിയിരിക്കുന്നത്. 235 ബി.എച്ച്.പി. പവറും 480 എന്‍.എം.ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ ഇലക്ട്രിക് മോഡലായി ഒരുങ്ങുന്ന ഇ.എക്‌സ്.90-ല്‍ 402 ബി.എച്ച്.പി. പവറും 770 എന്‍.എം ടോര്‍ക്കുമേകുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറായിരിക്കും പ്രവര്‍ത്തിക്കുക.