Photo | twitter.com/mufaddal_vohra
ബെംഗളൂരു: ഐ.പി.എലില്‍ വെള്ളിയാഴ്ച നടന്ന ബെംഗളൂരു – കൊല്‍ക്കത്ത മത്സരം പലതുകൊണ്ടും പ്രത്യേകമായിരുന്നു. വിരാട് കോലിയും ഗൗതം ഗംഭീറും ഒരേ വേദിയില്‍ വരുന്നു എന്നതായിരുന്നു ഒന്ന്. കഴിഞ്ഞ തവണ യഷ് ദയാലിനെ റിങ്കു സിങ് ഒരോവറില്‍ അഞ്ച് സിക്‌സടിച്ച് ടീമിനെ ജയത്തിലെത്തിച്ചിരുന്നു. ഇരുവരും മുഖാമുഖം വരുമെന്നതിനാലും ഇന്നത്തെ മത്സരം പ്രത്യേകമായി.
ഗംഭീറും കോലിയും പരസ്പരം കൊമ്പുകോര്‍ക്കുന്നതിന്റെ അനുഭവങ്ങളാണ് മുന്‍പ് കണ്ടതെങ്കില്‍, ഇന്ന് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. ബെംഗളൂരുവില്‍ മത്സരത്തിനിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ഹസ്തദാനം ചെയ്യുകയും പരസ്പരം ചേര്‍ത്തുപിടിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് ഗംഭീര്‍. കഴിഞ്ഞ തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കവേ, ബെംഗളൂരു താരം വിരാട് കോലിയുമായി വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. അന്ന് ലഖ്‌നൗവും ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരുവരും തമ്മില്‍ വാക്‌പോര് നടത്തിയത്. 2013-ല്‍ ഐ.പി.എലിനിടെ ഇരുവരും തമ്മില്‍ കളിക്കളത്തില്‍ വാക്‌പോര് നടത്തിയിരുന്നു. അന്നുമുതല്‍തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്.
