ദാവ്കി നദി | Photo: Canva

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് ദാവ്കി നദി ഒഴുകുന്നത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായാണ് ദാവ്കി നദിയുള്ളത്. ഉമന്‍ഗോട്ട് നദിയാണ് ദാവ്കി എന്നറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദിയെന്നാണ് ദാവ്കി അറിയപ്പെടുന്നത്. ‘ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലിനോംഗ് ഗ്രാമത്തില്‍ ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ നദി ഒഴുകുന്നത്. ജൈന്തിയ മലനിരയ്ക്കും ഖാസി മലനിരയ്ക്കുമിടയിലൂടെയാണ് ഉമന്‍ഗോട്ട് നദി ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്.

നിരവധി വിനോദസഞ്ചാരികളാണ് ഉമന്‍ഗോട്ട് നദി സന്ദര്‍ശിക്കാനായി മൗലിനോംഗ് ഗ്രാമത്തിലെത്തുന്നത്. ഇവര്‍ പങ്ക് വെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. നദിയിലൂടെ പോകുന്ന വള്ളങ്ങളുടെ ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ വള്ളം പോകുന്നതായേ തോന്നുകയുള്ളു.

വെള്ളം വളരെ തെളിമയുള്ളതാണെന്നും ബോട്ടുകള്‍ അതിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതായി തോന്നുമെന്നും സ്ഥലം സന്ദര്‍ശിച്ച ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി പറയുന്നു. നദിയുടെ അടിത്തട്ടിലുള്ള ഉരുളന്‍കല്ലുകളും നീന്തിത്തുടിക്കുന്ന മീനുകളെയും വളരെ വ്യക്തമായി ഇവിടെ കാണാന്‍ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആഴങ്ങള്‍ കാണാന്‍ സാധിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമെന്നതിനാല്‍ ഇവിടെ എത്തിപ്പെടുന്നത് ദുഷ്‌കരമാണ്. നദിയിലൂടെയുള്ള ബോട്ടുയാത്രകളാണ് സ്ഥലത്തെ പ്രധാന ആകര്‍ഷണം. ‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്ന് അറിയപ്പെടുന്ന മൗലിനോംഗിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഡിസ്‌കവര്‍ ഇന്ത്യ തിരഞ്ഞെടുത്തിരുന്നു. ശുചിത്വത്തോടൊപ്പം മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമായുണ്ട് ഈ ഗ്രാമവാസികള്‍ക്ക് -100 ശതമാനം സാക്ഷരതാ നിരക്ക്.