സാക്ഷി മാലിക്
2016 റിയോ ഡി ജനിറോ ഒളിമ്പിക്സ്. 120 കായികതാരങ്ങളുമായാണ് ഇന്ത്യന്‍ സംഘം ബ്രസീലിലേക്ക് പറന്നത്. മെഡല്‍ ഉറപ്പിച്ച താരങ്ങള്‍ നിഷ്പ്രഭരായപ്പോള്‍ വാനോളമുണ്ടായിരുന്ന പ്രതീക്ഷകള്‍ കടല്‍ത്തിട്ടയിലെ മണല്‍ക്കൊട്ടാരം പോലെ ഒലിച്ചുപോയി. ഗുസ്തിയില്‍ സാക്ഷി മാലിക്കിന് തോല്‍വി. വനിതാ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മല്‍സരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് മത്സരത്തിനിടെ പരിക്കേറ്റുപിന്മാറി. ഒറ്റ മെഡല്‍ പോലുമില്ലാതെ ഇന്ത്യ മടങ്ങേണ്ടി വരുമെന്ന ഹൃദയഭേദകമായ സാഹചര്യം.
എല്ലാം കൈവിട്ടുവെന്ന് തോന്നിയ നിമിഷം ഭാഗ്യം കളി തുടങ്ങി. സാക്ഷിയെ തോല്‍പ്പിച്ചയാള്‍ക്ക് ഫൈനല്‍ യോഗ്യത കിട്ടിയതിനാല്‍ സാക്ഷിക്ക് വെങ്കല മെഡലിനായി റപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാം. ആദ്യ മത്സരത്തില്‍ സാക്ഷി ജയിച്ചപ്പോള്‍ കെട്ടുപോയ ആശകള്‍ക്ക് മുളപൊട്ടി. കിര്‍ഗിസ്ഥാന്‍കാരിയെ സാക്ഷി തറ പറ്റിക്കുന്നത് കാണാന്‍ സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ ആരാധകര്‍ ഇരമ്പിക്കയറി. ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സാക്ഷി കത്തിക്കയറി ജയം പിടിച്ചെടുത്തു. ഇന്ത്യയുടെ മാനക്കേടില്‍ മരുന്നുപുരട്ടി.
ഹരിയാണയിലെ റോത്തക്ക് ജില്ലയിലെ മോഖ്റാ ഗ്രാമത്തില്‍ ജനിച്ച സാക്ഷിയെ ഗോദയിലിറങ്ങാന്‍ പ്രേരിപ്പിച്ചത് ഗുസ്തിക്കാരനായ മുത്തച്ഛന്‍ ബാദ്ലു റാമിനോടുള്ള ഇഷ്ടമാണ് . 12-ാം വയസ്സില്‍ ഈശ്വര്‍ ദാഹിയ എന്ന കോച്ചിന് കീഴില്‍ സാക്ഷി പരിശീലനം തുടങ്ങി. 2009-ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി തന്റെ വരവറിയിച്ചു. അടുത്ത വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലനേട്ടം. 2014-ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം. കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡലുകള്‍. പദ്മശ്രീയും ഖേല്‍രത്നയും നല്‍കി രാജ്യം സാക്ഷിയെ പുണര്‍ന്നു.
ഗോദകള്‍ ഒന്നൊന്നായി കീഴടക്കിയ സാക്ഷി മാലിക്കിന് രാഷ്ട്രീയത്തിന്റെ പൂഴിക്കടകനു മുന്നില്‍ കാലിടറി. ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നടത്തിയ 40 നാള്‍ നീണ്ട സമരം ഫലം കണ്ടില്ല. ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പെണ്‍കുട്ടികള്‍ ഉറച്ചുനിന്നിട്ടും ഗുസ്തി ഫെഡറേഷനെ അയാളുടെ വരുതിയില്‍ നിന്ന് രക്ഷപ്പെടുത്താനായില്ല. ഒളിമ്പിക്സ് പടിവാതിലില്‍ എത്തി നില്‍ക്കെ സാക്ഷി തീരുമാനിച്ചു. ഇനിയില്ല. അനിയത്തിമാരുടെ കണ്ണീരില്‍ ചവിട്ടി ഗോദയിലേക്കിറങ്ങില്ലെന്ന പ്രഖ്യാപനത്തോടെ സാക്ഷി ബൂട്ടഴിച്ചു.

ഗ്രാമീണ കുടുംബത്തില്‍ നിന്ന് പടവെട്ടിക്കയറിയ ഉയരങ്ങള്‍. പൊടുന്നനെയുള്ള വിരമിക്കല്‍. സിനിമാറ്റിക്കാണല്ലോ ജീവിതം ?
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്റ്ററായിരുന്നു അച്ഛന്‍ സുഖ്ബീര്‍. അമ്മ സുധേഷ് മാലിക്ക് അങ്കണ്‍വാടി സൂപ്പര്‍വൈസറും. ഇടത്തരക്കാര്‍ എന്നുപോലും വിളിക്കാന്‍ പറ്റാത്ത കുടുംബസാഹചര്യം.
കുട്ടിക്കാലം മുതല്‍ സ്പോര്‍ട്സിനോടായിരുന്നു ഇഷ്ടം. കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിലും നാട്ടില്‍ പലര്‍ക്കും ഞാന്‍ ഗുസ്തി പഠിക്കുന്നതിനോട് എതിര്‍പ്പായിരുന്നു. ഗുസ്തി പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഇനമല്ല, മുഖത്തിന്റെ കോലം മാറും, ആരോഗ്യം നശിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചുകൊണ്ടേയിരുന്നു. ഗുസ്തിക്കാരിയായി ജീവിക്കുകയെന്നത് എളുപ്പമല്ല. നിരന്തര പരിശീലനവും കഠിനവ്യായാമവും നിര്‍ബന്ധം. പക്ഷേ, അതൊന്നും എനിക്ക് തടസ്സമായില്ല. ഒപ്പം പരിശീലിച്ചിരുന്ന സീനിയര്‍ താരങ്ങള്‍ എന്നോട് പറഞ്ഞു, ഇന്ത്യയില്‍ ഒന്നാമതെത്തിയാല്‍ വിമാനത്തില്‍ കയറാന്‍ കഴിയുമെന്ന് ടിക്കെറ്റെടുത്ത് വിമാനയാത്ര നടത്താനുള്ള ശേഷി കുടുംബത്തിനില്ല. അതുകൊണ്ട് ജയിക്കാന്‍ തന്നെ തീരുമാനിച്ചു. പിന്നീട് ജീവിതം ഇങ്ങനെയൊക്കെ മാറുമെന്ന് ഒരിക്കല്‍പ്പോലും കരുതിയതല്ല.
സ്പോര്‍ട്സാണ് വഴിയെന്നും താന്‍ ചെയ്യുന്നതാണ് ശരിയെന്നും ഉറപ്പുതോന്നിയ നിമിഷം.
എന്റെ ആദ്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് റഷ്യയിലായിരുന്നു. തുടക്കക്കാരിയുടെ എല്ലാ പരിചയക്കുറവും പരിഭ്രമവും ഉണ്ടായിരുന്നു. പക്ഷേ, സ്വര്‍ണമെഡലോടെയാണ് മടങ്ങിയത്. ആ ജയം, തെരഞ്ഞെടുത്ത വഴി ശരിയാണെന്ന എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.
ജീവിതത്തിലെ റോള്‍ മോഡല്‍…
ടി.വി യില്‍ സച്ചിനും സെവാഗും നിറഞ്ഞുനില്‍ക്കുന്നത് കണ്ടാണ് വളര്‍ന്നത്. അവരുടെ പോസ്റ്ററുകള്‍ വഴിയോരത്തെ സ്ഥിരം കാഴ്ചകളായിരുന്നു. അതുപോലെ എന്നെയും രാജ്യം അറിയണം എന്നാഗ്രഹം ഉണ്ടായിരുന്നു. പിന്നെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കടന്നപ്പോള്‍ സുശീല്‍ കുമാര്‍ സാറിന്റെ ഒളിമ്പിക് നേട്ടങ്ങള്‍ പ്രചോദനമായി.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ?
ഏറ്റവും വലുത് ഒളിമ്പിക്സിലെ വെങ്കല നേട്ടം തന്നെ. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിതാരം എന്ന പേര് അഭിമാനത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു. മെഡല്‍ നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത.് പക്ഷേ, അത് യാഥാര്‍ഥ്യമായപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി. ഓര്‍ത്തിരിക്കാവുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ വേറെയും ഉണ്ടായിട്ടുണ്ടെങ്കിലും റിയോയിലെ ആ ജയനിമിഷത്തേക്കാള്‍ വലുതല്ല, മറ്റൊന്നും. റിയോയിലെ ഉദ്ഘാടനച്ചടങ്ങില്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ പതാകയേന്തിയത്. സമാപനച്ചടങ്ങില്‍ ആ ഭാഗ്യം എനിക്കുകിട്ടി. ഖേല്‍രത്ന കിട്ടിയവരുടെ ഫോട്ടോ അച്ചടിച്ചുവരുന്നത് ആവേശത്തോടെയും അസൂയയോടെയും കണ്ടുനിന്ന കാലമുണ്ടായിരുന്നു. ഇന്ന് ഞാനും അവരിലൊരാളാണ്. അങ്ങനെ സ്വപ്‌നം കണ്ട പലതും ജീവിതം എനിക്ക് ഉള്ളംകയ്യില്‍ വച്ചുതന്നിട്ടുണ്ട്.
ഏറ്റവും പ്രയാസമേറിയ പോരാട്ടം ഏതായിരുന്നു ?
അതും ഒളിമ്പിക്സിലെ മത്സരം തന്നെ. വെങ്കലത്തിനായുള്ള അന്നത്തെ പോരാട്ടമാണ് ഏറ്റവും തളര്‍ത്തിയത്. അവസാന നാല് സെക്കന്‍ഡ് കൊണ്ട് പോയിന്റ് നില മാറിമറിയുകയായിരുന്നു. കഴിവ് മാത്രമല്ല, കഠിനമായ ആഗ്രഹവും ഒരിത്തിരി ഭാഗ്യവും ചേര്‍ന്നാണ് ആ മത്സരത്തെ എനിക്ക് അനുകൂലമാക്കിയത്.
ബുദ്ധിമുട്ടേറിയ ജീവിതയാത്രയില്‍ കുടുംബം എത്രത്തോളം കൂട്ടുനിന്നു ?
കുടുംബം എന്നും എന്റെ എല്ലാ തീരുമാനങ്ങളിലും ഒപ്പമുണ്ടായിരുന്നു. അവരുടെ എന്നിലുള്ള അടിയുറച്ച വിശ്വാസമാണ് എല്ലാ ഘട്ടത്തിലും തുണയായത്.
ജീവിത പങ്കാളി സത്യവര്‍ത്ത് കാഡിയനെക്കുറിച്ച്..
ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിലെ പിന്‍തലമുറക്കാരനാണ് സത്യവര്‍ത്ത്. സത്യവര്‍ത്തിന്റെ അച്ഛന്‍ സത്യവാന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും വീടിനടുത്ത് അഖാഡ നടത്തുന്നു. ഞങ്ങള്‍ ഒരേ സ്‌കൂളില്‍ പഠിച്ചവരാണ്. അന്ന് ചങ്ങാത്തം പോയിട്ട് പരിചയം പോലുമില്ലായിരുന്നു. ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകള്‍ക്കായുള്ള പറക്കലിനിടെയാണ് അടുക്കുന്നത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സുഹൃത്തുക്കളായി. അന്ന് രണ്ടുപേര്‍ക്കും വെള്ളി നേടാനായി.
യൂത്ത് ഒളിമ്പിക്സിലും ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലുകള്‍ നേടിയ സത്യവര്‍ത്ത് ദേശീയതലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതത്തിലും കരിയറിലും സത്യവര്‍ത്ത് പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഒറ്റപ്പെടലിന്റെ ഒരു ഘട്ടം പോലും എനിക്കുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ സമരനാളുകളില്‍ എനിക്ക് തുണയായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.
കരിയറിലെ അവസാന പോരാട്ടം ഗുസ്തി ഫെഡറേഷനെതിരെ ആയിരുന്നല്ലോ
സ്ത്രീകള്‍ എല്ലായിടത്തും അതിക്രമത്തിന് വിധേയരാകുന്നുണ്ട്. എന്റെ തട്ടകത്തിലെങ്കിലും അതുണ്ടാകരുത് എന്നുണ്ടായിരുന്നു. ബ്രിജ് ഭൂഷണെതിരെ ആദ്യമായല്ല ആരോപണങ്ങള്‍ ഉയരുന്നത്. തനിക്കെതിരെ ശബ്ദമുയര്‍ത്തിയ ഒരുപാടുപേരുടെ കരിയറുകള്‍ അയാള്‍ തല്ലിക്കൊഴിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ ശക്തനാണ്. ഫെഡറേഷന്റെ പല ഉന്നത സ്ഥാനങ്ങളിലും അയാള്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇരുത്തിയിട്ടുണ്ട്. എല്ലാം അയാളുടെ നിയന്ത്രണത്തിലാണ്.
ബ്രിജ് ഭൂഷണെ മാറ്റണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ നടത്തിയ സമരത്തില്‍ അണിചേരാന്‍ ഒരുപാടുപേരെത്തി. പ്രമുഖരും സാധാരണക്കാരും ഒപ്പംകൂടി. പക്ഷേ, സാഹചര്യങ്ങള്‍ മാറില്ലെന്ന ഭയം കൊണ്ടാകാം പലരും പതിയെ പിന്മാറി. അതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി രാഷ്ട്രീയ പക്ഷം പിടിച്ചുള്ള പ്രതിഷേധമാണ് എന്റേത് എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിച്ചു. അതൊക്കെ വിഷമമുണ്ടാക്കി. പക്ഷേ, പിന്തുണ കിട്ടിയപ്പോള്‍ ആ സങ്കടം മാറി. മുന്നേറാന്‍ കൂടുതല്‍ ഊര്‍ജം കിട്ടി.
ഒളിമ്പിക്സ് വരാനിരിക്കുന്നു. നഷ്ടബോധം തോന്നുന്നുണ്ടോ?
ഒട്ടുമില്ല. കഴിഞ്ഞ ഒളിമ്പിക്സ് മുതല്‍ കഠിന വ്യായാമവും പരിശീലനവും നടത്തിവരികയായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മെഡല്‍ കിട്ടുമായിരിക്കും. ഏത് നേട്ടത്തേക്കാളും വലുതാണ് എനിക്ക് എന്റെ സഹപ്രവര്‍ത്തകരുടെ അന്തസ്സും സുരക്ഷയും. എന്റെ അനിയത്തിമാരാണ് അവര്‍. അവര്‍ക്കു വേണ്ടിയല്ലേ ഞാന്‍ ഗോദയില്‍ ഇറങ്ങേണ്ടത്? അവരുടെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി സ്വന്തം ലാഭം നോക്കാന്‍ ഞാനില്ല.
വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച്…
കാര്യങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അവ്യക്തത മാറ്റാനാണ് പുസ്തകം പുറത്തിറക്കുന്നത്. ആളുകളുടെ മനസ്സിലുള്ള ആയിരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് ലക്ഷ്യം. തലയ്ക്കു മുകളില്‍ വെള്ളം എന്ന നില വന്നപ്പോഴാണ് ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഒറ്റയ്ക്ക് എതിര്‍ത്തവരെയെല്ലാം നിലംപരിശാക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച ആള്‍ക്കെതിരെ വേറെന്തു ചെയ്യാന്‍. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയവരും അയാളുടെ അതിക്രമങ്ങള്‍ക്ക് ഇരയായവരും പറഞ്ഞ കാര്യങ്ങള്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ടാകും.
പരിശീലക വേഷം പ്രതീക്ഷിക്കാമോ ?
സ്വന്തം അഖാഡ ഉണ്ട്. അവിടെ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്ന് മെച്ചപ്പെടുത്തണം. ഇത്രയും കാലം എന്റെ പരിപൂര്‍ണ ശ്രദ്ധ കരിയറിലായിരുന്നു. വിരമിക്കലിനു ശേഷം ഇപ്പോള്‍ സമയം ധാരാളമുണ്ട്. ഗുരുക്കന്മാരില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്തത് വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കണം.
സ്പോര്‍ട്സിലേക്ക് വരാന്‍ കൊതിക്കുന്ന പെണ്‍കുട്ടികളോട്…
ആണ്‍കുട്ടികള്‍ക്കു ചെയ്യാവുന്ന കായികവിനോദങ്ങളെല്ലാം പെണ്‍കുട്ടികള്‍ക്കും ചെയ്യാനാകും. നാട്ടില്‍ മറ്റുപെണ്‍കുട്ടികള്‍ ഗുസ്തി പരിശീലിക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലിച്ചാണ് ഞാന്‍ വളര്‍ന്നത്. പെണ്‍കുട്ടികള്‍ക്ക് പറ്റാത്തതായി ഒന്നുമില്ല. പിന്മാറ്റാന്‍ പലരും പലതും പറയും. അതൊന്നും ചെവിക്കൊള്ളാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക. നിങ്ങള്‍ക്ക് കഴിയാത്തതായി ഒന്നുമില്ല. ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഏതു മേഖലയിലും തിളങ്ങാനാകും.
സ്ത്രീകള്‍ക്ക് ഒരു ഫിറ്റ്നസ് ടിപ്പ്…
മറ്റുള്ളവരുടെ സന്തോഷത്തിനും ക്ഷേമത്തിനും സ്ത്രീകള്‍ ഒരുപാട് ശ്രദ്ധ നല്‍കാറുണ്ട്. പക്ഷേ, അതേ ശ്രദ്ധ സ്വന്തം ആരോഗ്യകാര്യത്തില്‍ കാണിക്കാറില്ല. നടത്തമോ യോഗയോ എന്തായാലും ശരി, ജീവിതത്തില്‍ ഒരു ഫിസിക്കല്‍ ആക്ടിവിറ്റി നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ശരീരത്തിന് ആരോഗ്യമില്ലെങ്കില്‍ പിന്നെ മറ്റെല്ലാം അപ്രസക്തമാണ്.
