അച്ചു ഉമ്മൻ,അനിൽ ആന്റണി| ANI

ഏപ്രില്‍ ആറാം തീയതി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് പറ്റാവുന്നയിടങ്ങളിലെല്ലാം പ്രചാരണത്തിന് പോകും.

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏപ്രില്‍ ആറാം തീയതി യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബാല്യകാല സുഹൃത്തായതിനാല്‍ അച്ചു ഉമ്മന്‍ യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് അച്ചു ഉമ്മന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

ഏപ്രില്‍ ആറാം തീയതി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് പറ്റാവുന്നയിടങ്ങളിലെല്ലാം പ്രചാരണത്തിന് പോകും. ഒരു വിധത്തിലും മറ്റൊരു നിലപാട് എടുത്തിരുന്നില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഏപ്രില്‍ ആറിന് പ്രചാരണത്തിനായി അച്ചു ഉമ്മന്‍ എത്തുമെന്ന യു.ഡി.എഫ് പോസ്റ്റര്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേ ഒരു ഇംഗ്ലീഷ് മാധ്യമത്തിലാണ് അച്ചു ഉമ്മന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. അനില്‍ ആന്റണി ബാല്യകാലസുഹൃത്തായതിനാല്‍ പത്തനംതിട്ടയൊഴികേ മറ്റു മണ്ഡലങ്ങളില്‍ അച്ചു ഉമ്മന്‍ പ്രചാരണം നടത്തുമെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്‍ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിന് മുമ്പ് തന്നെ അവര്‍ നിലപാട് വ്യക്തമാക്കി മുന്നോട്ടുവരുകയായിരുന്നു.