ഹനുമ വിഹാരി
ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിന്റെ നായകനായിരുന്ന ഇന്ത്യൻതാരം ഹനുമ വിഹാരിക്ക് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ കാരണംകാണിക്കൽ നോട്ടീസ്. രഞ്ജി മത്സരശേഷം, ഇനി ആന്ധ്രയ്ക്കുവേണ്ടി കളിക്കില്ലെന്ന് വിഹാരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
രഞ്ജി ടൂർണമെന്റിന്റെ തുടക്കത്തിൽ ടീം ക്യാപ്റ്റനായിരുന്ന വിഹാരിയെ അപ്രതീക്ഷിതമായി ആ സ്ഥാനത്തുനിന്ന് മാറ്റി. ഒരു യുവതാരത്തോട് മോശമായി പെരുമാറിയതിന്റെപേരിലാണിത്. യുവതാരത്തിന്റെ അച്ഛൻ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന്റെ ഇടപെടൽകാരണമാണ് ക്യാപ്റ്റൻസ്ഥാനത്തുനിന്ന് നീക്കിയതെന്നും വിഹാരി ആരോപിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി ആന്ധ്രയ്ക്കുവേണ്ടി കളിക്കാനില്ലെന്നും പ്രഖ്യാപിച്ചു. ഈ സംഭവത്തിലാണിപ്പോൾ നോട്ടീസ് ലഭിച്ചത്.
ടീമിലെ മറ്റ് മിക്ക കളിക്കാരും വിഹാരിക്ക് പിന്തുണ അറിയിച്ചിരുന്നു. ഈവർഷം രഞ്ജിയിൽ ക്വാർട്ടർ ഫൈനലിലെത്തിയ ആന്ധ്ര അവിടെ മധ്യപ്രദേശിനോട് തോറ്റുമടങ്ങുകയായിരുന്നു.
