സ്‌കോഡ സൂപ്പർബ് | Photo: Skoda
സൂപ്പര്‍ബ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയായിരിക്കും ഇന്ത്യയില്‍ എത്തുകയെന്നാണ് വിലയിരുത്തലുകള്‍
ബി.എസ്.6 രണ്ടാം ഘട്ടം നടപ്പാക്കിയതോടെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് നഷ്ടപ്പെട്ട ഒരു വാഹനമായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പ്രീമിയം സെഡാന്‍ മോഡല്‍ സൂപ്പര്‍ബ്. എന്നാല്‍, പോയതിനെക്കാള്‍ കരുത്തോടെ നിരത്തുകളില്‍ ഈ വാഹനത്തെ മടക്കിയെത്തിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കളായ സ്‌കോഡ. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏപ്രില്‍ മൂന്നാം തീയതി സൂപ്പര്‍ബിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.
സ്‌കോഡ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ മോഡലായ സൂപ്പര്‍ബ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയായിരിക്കും ഇന്ത്യയില്‍ എത്തുകയെന്നാണ് വിലയിരുത്തലുകള്‍. ഏകദേശം 50 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ 100 യൂണിറ്റായിരിക്കും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുകയെന്നാണ് സൂചന. അവതരണ വേളയില്‍ ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള സൂപ്പര്‍ബ് യൂണിറ്റിന്റെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും സ്‌കോഡ വെളിപ്പെടുത്തും.
ഒരു വേരിയന്റില്‍ ഒരേയൊരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും സൂപ്പര്‍ബ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും സൂപ്പര്‍ബില്‍ കരുത്തേകുന്നത്. ഇത് 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 239 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.
സ്‌കോഡ വാഹനങ്ങളിലെ ഉയര്‍ന്ന വേരിയന്റായ ലോറിന്‍ ആന്‍ഡ് ക്ലെമന്റ് (എല്‍ ആന്‍ഡ് കെ) വകഭേദമായിരിക്കും ഇന്ത്യയില്‍ എത്തുക. ഉയര്‍ന്ന പതിപ്പ് ആയതിനാല്‍ തന്നെ ഫീച്ചര്‍ സമ്പന്നമായിരിക്കും ഈ വാഹനം എത്തുക. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, കോര്‍ണറിങ്ങ് ഫങ്ഷന്‍ ഉള്‍പ്പെയെ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ് തുടങ്ങിയവയായിരിക്കും എക്സ്റ്റീരിയറിനെ സ്റ്റൈലിഷാക്കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള സ്ട്രാറ്റോസ് അലോയി വീലുകളും സൂപ്പര്‍ബില്‍ നല്‍കും.
ഫീച്ചര്‍ സമ്പന്നമായ അകത്തളമാണ് സ്‌കോഡ സൂപ്പര്‍ബില്‍ ഒരുക്കിയിട്ടുള്ളത്. വയേര്‍ഡ് സ്മാര്‍ട്ട് ലിങ്ക് സംവിധാനത്തിലുള്ള കൊളമ്പസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും വെന്റിലേറ്റഡ് സംവിധാനം ഉള്ളതുമായ മുന്‍നിര സീറ്റുകള്‍, മസാജ് സംവിധാനമുള്ള ഡ്രൈവര്‍ സീറ്റ്, 11 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് എന്നിങ്ങനെ നീളും ഇന്റീരിയറിലെ ഫീച്ചറുകള്‍.
