കെജ്‌രിവാളും ഭാര്യ സുനിത കെജ്‌രിവാളും | File Photo – ANI
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയര്‍പ്പിക്കാന്‍ വാട്‌സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാര്‍ട്ടി. കെജ് രിവാളിന് ആശിര്‍വാദം എന്ന് പേരിട്ടിരിക്കുന്ന പ്രചാരണത്തില്‍, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് 8297324624 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശമയക്കാം. കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്.
നമ്പറിലേക്ക് അനുഗ്രഹങ്ങളും പ്രാര്‍ഥനകളും അയക്കാം. അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നതെന്തും പങ്കുവെക്കാം. അയക്കുന്ന ഓരോ മെസേജും അദ്ദേഹത്തിനടുത്ത് എത്തും. അത് വായിക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാവും. അദ്ദേഹത്തിന് സന്ദേശമയക്കാന്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാവണമെന്നില്ലെന്നും സുനിത പറഞ്ഞു.
നിരവധി ആളുകള്‍ തന്നെ ഫോണില്‍ വിളിക്കുന്നുണ്ടെന്നും കെജ്‌രിവാളിന്റെ മോചനത്തിനായി ഉപവാസം അനുഷ്ഠിക്കുന്നുണ്ടെന്ന് ആളുകള്‍ അറിയിച്ചുവെന്നും അവര്‍ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാളിന്റെ സമയം അവസാനിക്കാറായെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കെജ്‌രിവാളിന്റെ ഭാര്യ മുഖ്യമന്ത്രി സ്ഥാനത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ നീക്കുന്നതില്‍ ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്ന് കെജ്‌രിവാളിനെ മാറ്റണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രിതം സിങ് അറോറ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. അറസ്റ്റിലാണെങ്കിലും കെജ്‌രിവാളിന് പദവിയില്‍ തുടരുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതിയിലെ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ രാഷ്ട്രപതിയോ ഗവര്‍ണറോ നടപടിയെടുക്കും. ഡല്‍ഹി ലെഫ്. ഗവര്‍ണറാണ് വിഷയം പരിശോധിക്കേണ്ടത്. അതു രാഷ്ട്രപതിയുടെയടുക്കല്‍ പോകും. കോടതിയല്ല രാഷ്ട്രപതി ഭരണമോ ഗവര്‍ണര്‍ ഭരണമോ ഏര്‍പ്പെടുത്തേണ്ടത്. എക്സിക്യൂട്ടീവ് വിഭാഗം തീരുമാനമെടുക്കട്ടെ. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍നിന്ന് ഭരണം നടത്തുമെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കെയുള്ള കോടതി ഉത്തരവ് ശ്രദ്ധേയമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
മുഖ്യമന്ത്രി ജയിലില്‍നിന്ന് ഭരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇ.ഡി. കസ്റ്റഡിയില്‍നിന്നുള്ള കെജ്‌രിവാളിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ രംഗത്തെത്തിയ ബി.ജെ.പി., മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലാണ്. ജയിലില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയും വ്യക്തമാക്കി. പോര് ശക്തമായ സാഹചര്യത്തില്‍ കേന്ദ്രം നിയമിച്ച ലെഫ്. ഗവര്‍ണര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
