മുക്താർ അൻസാരി (ഫയൽചിത്രം-എ.എൻ.ഐ.), മുക്താർ അൻസാരിയുടെ വസതിക്കു മുൻപിലെ പോലീസ് വിന്യാസം-ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാണ്ട, ഗാസിപൂര്‍, മവൂ, വാരാണസി തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഫിറോസബാദ് ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.
മുക്താര്‍ അന്‍സാരിയുടെ മൃതദേഹം ഇന്ന് (വെള്ളി) പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അഞ്ച് ഡോക്ടര്‍മാർ അടങ്ങുന്ന പാനലിന് രൂപം നല്‍കിയിട്ടുണ്ട്. മുക്താര്‍ അന്‍സാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു.
ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി പ്രതിയാണ്. ബി.ജെ.പി. എം.എല്‍.എ. കൃഷ്ണനാഥ് റായിയെ കൊന്ന കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മവൂ നിയമസഭാമണ്ഡലത്തില്‍നിന്ന് അഞ്ചുതവണ എം.എല്‍.എ. ആയി. രണ്ടുതവണ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.) സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് വിജയിച്ചത്.
