ചെന്നൈ: മുംബൈ ഇന്ത്യൻസ് ടീമിനുവേണ്ടി 200 മത്സരം തികച്ച് രോഹിത് ശർമ. ബുധനാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എലിൽ രോഹിതിന്റെ 245-ാം മത്സരംകൂടിയാണിത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുവേണ്ടി വിരാട് കോലിയും ചെന്നൈ സൂപ്പർ കിങ്‌സിനുവേണ്ടി എം.എസ്. ധോനിയും നേരത്തേ 200 മത്സരം തികച്ചിരുന്നു.

ഇരുനൂറാം മത്സരത്തിനിറങ്ങിയ രോഹിത്തിന് സച്ചിൻ തെണ്ടുൽക്കർ പ്രത്യേക ജേഴ്‌സി സമ്മാനിച്ചു. അതേസമയം മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നേടിയത്. മറുപടിയായി മുംബൈയുടെ ബാറ്റിങ്ങും അതേ നാണയത്തില്‍തന്നെയായിരുന്നു. പക്ഷേ, നിശ്ചിത 20 ഓവറില്‍ 246 റണ്‍സ് വെരെ എത്താനേ മുംബൈക്കായുള്ളൂ. എങ്കിലും, മികച്ച മുന്നേറ്റം നടത്തി. ഒടുക്കം ഹൈദരാബാദിന് 31 റണ്‍സ് ജയം. ഇരുടീമും ചേര്‍ന്ന് 40 ഓവറില്‍ 523 റണ്‍സാണ് നേടിയത്. ഇതും ഐ.പി.എലിലെ റെക്കോഡാണ്. ഏറ്റവും കൂടുതല്‍ സിക്സ് (31) കണ്ടതും ഈ കളിയില്‍ത്തന്നെ.