മുഖ്താർ അൻസാരി | Photo : ANI

2005 മുതല്‍ മരിക്കുന്നതുവരെ യുപിയിലേയും പഞ്ചാബിലേയും വിവിധ ജയിലുകളിലായി വിവിധ കേസുകളില്‍ അന്‍സാരി ജയില്‍വാസമനുഭവിച്ചു. കൂടാതെ വിവിധ കോടതികളിലായി 21 കേസുകളില്‍ വിചാരണ നേരിടുകയും ചെയ്തുവരികയായിരുന്നു.

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): കൊലപാതകം മുതല്‍ കവര്‍ച്ച വരെ അറുപത്തിയഞ്ചോളം കേസുകളില്‍ പ്രതി, രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുഖ്താര്‍ അന്‍സാരി വിവിധ കക്ഷികളുടെ ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലെത്തിയത് അഞ്ചുതവണ. ജയില്‍വാസം അനുഭവിച്ചുവരുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മുഖ്താര്‍ അന്‍സാരിയെ ബാന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്ന മുഖ്താര്‍ അഹമദ് അന്‍സാരിയുടെ പേരക്കുട്ടിയാണ് പിന്നീട് രാഷ്ട്രീയത്തില്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധി നേടിയ മുഖ്താര്‍ അന്‍സാരി. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിന് മുമ്പുതന്നെ കുറ്റകൃത്യങ്ങളുടെ ലോകത്ത് മുഖ്താര്‍ അന്‍സാരി പ്രവേശിച്ചുകഴിഞ്ഞിരുന്നു. 1978 ലാണ് അന്‍സാരി ആദ്യമായി കുറ്റകൃത്യത്തിലേര്‍പ്പെടുന്നത്. അന്ന് 15 വയസ്സായിരുന്നു പ്രായം. ഗാസിപുരിലെ സൈദാപുര്‍ പോലീസ് സ്‌റ്റേഷനിലാണ് അന്‍സാരിക്കെതിരെയുള്ള ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് കൊല്ലം കഴിയുമ്പോഴേക്കും കരാര്‍ മാഫിയ രംഗത്ത് സുപരിചിതമായ മുഖമായി അന്‍സാരി മാറിക്കഴിഞ്ഞിരുന്നു. 1986 ല്‍ ഗാസിപുരിലെ മുഹമ്മദ് പോലീസ് സ്‌റ്റേഷനില്‍ അന്‍സാരിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അടുത്ത പത്ത് കൊല്ലത്തിനുള്ളില്‍ 14 ക്രിമിനല്‍ കേസുകളാണ് അന്‍സാരിയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത്, അവയില്‍ ചില കൊടും കുറ്റകൃത്യങ്ങളും ഉള്‍പ്പെട്ടിരുന്നു.

മാവു, ഗാസിപുര്‍, വാരണാസി, ജൗന്‍പുര്‍ എന്നിവടങ്ങളിലെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായി മാറിക്കഴിഞ്ഞ അന്‍സാരി പൂര്‍വാഞ്ചല്‍ പ്രദേശത്തെ മുഖ്യഗുണ്ടാത്തലവനായ ബ്രിജേഷ് സിങ്ങിന്റെ സംഘവുമായി അന്‍സാരിയുടെ സംഘം നിരന്തരം സംഘട്ടനത്തില്‍ തുടര്‍ന്നു. ബ്രിജേഷ് സിങ്ങിന്റെ മരണത്തോടെ പ്രദേശത്തെ അനിഷേധ്യഗുണ്ടാത്തലവനായി അന്‍സാരി അവരോധിക്കപ്പെട്ടു. 1995 ഓടെയാണ് വിദ്യാര്‍ഥിസംഘടനയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1996-ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റില്‍ മുഖ്താര്‍ അന്‍സാരി മാവുവില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 2002ലും 2007ലും സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇതേ മണ്ഡലത്തില്‍നിന്ന് അന്‍സാരി നിയമസഭയിലേക്കെത്തി. 2012-ല്‍ കൗമി ഏക്ത ദള്‍ സ്ഥാപിച്ച് പാര്‍ട്ടി പ്രതിനിധിയായി മാവുവില്‍നിന്നുതന്നെ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

2017-ല്‍ വീണ്ടും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സാരി 2022-ല്‍ മകന്‍ അബ്ബാസ് അന്‍സാരിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് അബ്ബാസ് അന്‍സാരി വിജയം നേടുകയും ചെയ്തു.

2005 മുതല്‍ മരിക്കുന്നതുവരെ യുപിയിലേയും പഞ്ചാബിലേയും വിവിധ ജയിലുകളിലായി വിവിധ കേസുകളില്‍ അന്‍സാരി ജയില്‍വാസമനുഭവിച്ചു. കൂടാതെ വിവിധ കോടതികളിലായി 21 കേസുകളില്‍ വിചാരണ നേരിടുകയും ചെയ്തുവരികയായിരുന്നു. ആയുധലൈസന്‍സ് കരസ്ഥമാക്കാന്‍ 37 കൊല്ലം മുമ്പ് നടത്തിയ തട്ടിപ്പിന്റെ പേരില്‍ ഈ മാസം ആദ്യം ജീവപര്യന്തം തടവുശിക്ഷയും 2.02 ലക്ഷം രൂപ പിഴയും അന്‍സാരിയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ യുപിയിലെ വിവിധ കോടതികള്‍ അന്‍സാരിക്കെതിരെ ശിക്ഷ വിധിക്കുന്ന എട്ടാമത്തേയും രണ്ടാമത്തെ ജീവപര്യന്തം ശിക്ഷയുമായിരുന്നു ഈ കേസിലേത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നിലവിലെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമായ അജയ് റായിയുടെ സഹോദരന്‍ അവദേഷ് റായിയെ വെടിവെച്ചുകൊലപ്പെടുത്തിയതിന് 2023 ഒക്ടോബറില്‍ വാരണാസി കോടതി അന്‍സാരിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു.

2020 മുതല്‍ അന്‍സാരിയുടെ ഗുണ്ടാസംഘം പോലീസിന്റെ കരിമ്പട്ടികയില്‍ പ്രഥമസ്ഥാനത്താണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 608 കോടി രൂപയുടെ അനധികൃതസ്വത്ത് പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെ 215 കോടി രൂപയുടെ വ്യാപാരവും കരാറുകളും ടെന്‍ഡറുകളും പോലീസ് അവസാനിപ്പിച്ചിരുന്നു.

അതേസമയം അന്‍സാരിയുടെ മരണം വിഷം ഉള്ളിച്ചെന്നാണെന്നാരോപിച്ച് സഹോദരന്‍ അഫ്‌സല്‍ അന്‍സാരിയും മകന്‍ ഉമര്‍ അന്‍സാരിയും രംഗത്തെത്തിയിട്ടുണ്ട്. ജയിലില്‍ മുഖ്താര്‍ അന്‍സാരിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അന്‍സാരിയുടെ അഭിഭാകന്‍ ഈ മാസം ആദ്യം കോടതിയെ ധരിപ്പിച്ചിരുന്നു. അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ബാന്ദ മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച നടത്തും. ചൊവ്വാഴ്ച അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 14 ണണിക്കൂറിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. റംസാന്‍ വ്രതം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് അന്‍സാരിയുടെ ആരോഗ്യനില വഷളായതായും കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് ജയില്‍വകുപ്പ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.