ക്വെന മഫാക, ഹെന്റിച്ച് ക്ലാസൻ Photo | AFP, AP
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു ബുധനാഴ്ച ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കണ്ടത്. ഐ.പി.എലിലെ ഏറ്റവും വലിയ ടീം ടോട്ടല്‍ തീര്‍ത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. തക്ക മറുപടിയുമായി മുംബൈയുടെ ബാറ്റിങ്. അവസാന ഘട്ടത്തില്‍ പതറിയതും ഇടവേളകളിലെ വിക്കറ്റും മാത്രമാണ് മുംബൈയെ ജയത്തില്‍നിന്ന് അകറ്റിയത്. സണ്‍ റൈസേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം വരിച്ചപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വീറുറ്റ പോരാട്ടത്തോടെ മുംബൈയും നിലകൊണ്ടു.
മത്സരത്തെ ഈ വിധത്തിലേക്ക് മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. അതില്‍ ഒരാള്‍ക്ക് അതിന്റെ പേരില്‍ എന്നെന്നും അഭിമാനിക്കാമെങ്കില്‍, മറ്റൊരാള്‍ ഈ കളി ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടുന്നുണ്ടാവില്ല. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസനാണ് സന്തോഷിക്കുന്ന ആള്‍. മുംബൈ ഇന്ത്യന്‍സിന്റെ ക്വെന മഫാക്കയാണ് ഈ കളിയുടെ പേരില്‍ ഏറെ വേദനിക്കുന്നയാള്‍.
ക്വെന മഫാകയ്ക്ക് ഇന്നലെ ഐ.പി.എല്‍. അരങ്ങേറ്റമായിരുന്നു. വെറും പതിനെട്ട് വയസ്സുള്ള പയ്യന്‍. ഇക്കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പിലെ മികച്ച വിക്കറ്റുവേട്ടക്കാരന്‍. ലോകകപ്പിലെ വിക്കറ്റ് വേട്ടയിലെ മികവ് കണ്ടാണ് മഫാകയെ മുംബൈ ടീമിലെത്തിച്ചത്. ഐ.പി.എലിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ താരം. മുംബൈയുടെ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുഷങ്കയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് മഫാകയെ ടീമിലെത്തിച്ചത്.
2024 അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ സെമി ഫൈനല്‍ വരെയെത്തിച്ചതില്‍ മഫാകയ്ക്ക് മുഖ്യ പങ്കുണ്ട്. ആറ് മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകളാണ് മഫാക നേടിയത്. അണ്ടര്‍-19 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ ഇതുവരെ ഒരാള്‍ 21 വിക്കറ്റ് നേടിയിട്ടില്ല. ഇടംകൈയന്‍ പേസറായ മഫാകയ്ക്കാണ് അതിന് സാധിച്ചത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മഫാക മുംബൈയിലെത്തുന്നത് അങ്ങനെയാണ്.
പക്ഷേ, മുംബൈയില്‍ അത്ര നല്ല രീതിയിലല്ല കാര്യങ്ങള്‍ സംഭവിച്ചത്. തുറുപ്പുചീട്ടായി മുംബൈ അവതരിപ്പിച്ച മഫാക പക്ഷേ, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് കണക്കിന് അടിവാങ്ങി. നാല് ഓവറില്‍ 66 റണ്‍സാണ് മഫാക വഴങ്ങിയത്. ഐ.പി.എലില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന വിദേശ താരമെന്ന ഒട്ടും ആഗ്രഹിക്കാത്ത റെക്കോഡാണ് മഫാക സ്വന്തം പേരിലെഴുതിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.
മുംബൈ നിരയില്‍ ഏറ്റവും തല്ല് വാങ്ങിയത് മഫാകയാണ്. ഹൈദരാബാദിനെതിരേ ആദ്യ ഓവറെറിഞ്ഞ മഫാക ഏഴ് റണ്‍സേ വഴങ്ങിയുള്ളൂ. എറിഞ്ഞ രണ്ടാം ഓവറില്‍ വഴങ്ങിയത് 22 റണ്‍സ്. പത്താം ഓവറില്‍ മഫാക വഴങ്ങിയത് 20 റണ്‍സ്. 17-ാം ഓവറില്‍ 18 റണ്‍സ്. ഇതോടെ ഐ.പി.എല്‍. അരങ്ങേറ്റ ഓര്‍മയെന്നത് മഫാകയ്ക്ക് ദുരന്ത ഓര്‍മയായി.
ഹൈദരാബാദിന്റെ വലിയ ടോട്ടലിന്റെ മൂലകാരണം ഹെന്റിച്ച് ക്ലാസനാണ്. ക്ലാസന്റെ തകര്‍പ്പനടിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടല്‍ കുറിക്കുകയും കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേ ജയിക്കുകയും ചെയ്തു. കേവലം 34 പന്തുകള്‍ നേരിട്ട് 80 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്. ഏഴ് സിക്സും നാല് ഫോറും അകമ്പടി ചേര്‍ന്നതായിരുന്നു ഇന്നിങ്സ്. 235.29 സ്ട്രൈക്ക് റേറ്റോടെയാണിത്.
മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മറുപടിയായി മുംബൈയുടെ ബാറ്റിങ്ങും അതേ നാണയത്തില്‍തന്നെയായിരുന്നു. പക്ഷേ, നിശ്ചിത 20 ഓവറില്‍ 246 റണ്‍സ് വെരെ എത്താനേ മുംബൈക്കായുള്ളൂ. എങ്കിലും, മികച്ച മുന്നേറ്റം നടത്തി. ഒടുക്കം ഹൈദരാബാദിന് 31 റണ്‍സ് ജയം. ഇരുടീമും ചേര്‍ന്ന് 40 ഓവറില്‍ 523 റണ്‍സാണ് നേടിയത്. ഇതും ഐ.പി.എലിലെ റെക്കോഡാണ്. ഏറ്റവും കൂടുതല്‍ സിക്സ് (31) കണ്ടതും ഈ കളിയില്‍ത്തന്നെ.
