പി.സി. ജോർജ്, തുഷാർ വെള്ളാപ്പള്ളി

പി.സി. ജോർജിന്‌ പത്തനംതിട്ട സീറ്റ്‌ ലഭിക്കാത്തതിനുകാരണം വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന്‌ പേരുകൾ വെളിപ്പെടുത്താതെ ജോർജ്‌ തന്നെ സൂചന നൽകിയിരുന്നു. കോട്ടയത്ത്‌ എൻ.ഡി.എ. സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കാനെത്തുമ്പോൾ പ്രചാരണത്തിന്‌ ജോർജ്‌ ഇറങ്ങുമോ.. തുഷാർ നേരിട്ട്‌ വിളിക്കണമെന്നാണ്‌ ജോർജിന്റെ നിലപാട്‌

മോഹൻലാൽ വരുമോ ഇല്ലയോ എന്ന് കോനയിൽ കൊച്ചാപ്പി ചോദിച്ചതുപോലെയാണ് കോട്ടയത്തെ കാര്യങ്ങൾ. ‘കോട്ടയം കുഞ്ഞച്ചനി’ൽ മോഹൻലാലിനെ കാത്തിരിക്കുന്ന ആകാംക്ഷയുണ്ടല്ലോ. കോട്ടയം മണ്ഡലത്തിലും സമാനമായ ആകാംക്ഷയുണ്ട്. എൻ.ഡി.എ. സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി വോട്ടുചോദിക്കാൻ പൂഞ്ഞാർ ആശാൻ മലയിറങ്ങിവരുമോ. “വരും. പക്ഷേ, തുഷാർ നേരിട്ടുവിളിക്കണം” എന്നാണ് ഇതിനുള്ള പി.സി.യുടെ മറുപടി.

അല്ല, അപ്പോൾ തലസ്ഥാനം മുതലിങ്ങോട്ട് ജോർജിന്റെ പര്യടനഷെഡ്യൂളുണ്ടല്ലോ എന്നുചോദിച്ചാൽ, അദ്ദേഹം ഗൗരവത്തോടെ മറുപടിനൽകും. അതൊക്കെ പാർട്ടി തീരുമാനിച്ചത്. പക്ഷേ, കോട്ടയത്ത്, ആ പയ്യൻ വിളിക്കുമോന്ന് നോക്കട്ടെ… എന്നാകും മറുവാക്ക്.

തുഷാറിനോട് ചോദിച്ചാൽ ഞാനൊരുബാലനശക്തനെന്ന മട്ടിൽ പറയും. ഞാനൊരു സ്മാൾ ബോയ്. അദ്ദേഹം വലിയനേതാവല്ലേയെന്ന്. പി.സി.സൂക്തങ്ങൾക്കൊന്നും മറുപടിനൽകാതെ തുഷാർ ചിരിച്ചുകൊണ്ട് നീങ്ങും.

വരാതെ പറ്റുമോ

സ്ഥാനാർഥി വിളിച്ചാലും ഇല്ലെങ്കിലും ജോർജ് വരുമെന്ന് കരുതുന്നവരുമുണ്ട്. പാർട്ടി ബി.ജെ.പി.യാണ്. മത്സരിക്കാതെ മാറിനിന്ന കെ. സുരേന്ദ്രനെ വയനാട് ചുരംകയറ്റിയത് നദ്ദാജിയാണ്. തിരുവായ്ക്ക്‌ എതിർവായില്ല. പറഞ്ഞതു ചെയ്യണം. ഗവർണർപദവിയുടെ തണൽവിട്ട് തമിഴിസൈ സൗന്ദർരാജൻ ഇപ്പോൾ ചെന്നൈയിൽ വോട്ടുതേടുന്നു. പാർട്ടിയെ കേരളത്തിൽ നയിച്ച കുമ്മനം മിസോറമിന് വണ്ടികയറിയതും തിരികെ തിരുവനന്തപുരത്തേക്ക് വോട്ടുതേടാനെത്തിയതും ദില്ലികല്പന മാനിച്ചാണ്. സി.പി.എമ്മും കോൺഗ്രസും വിട്ടുവന്ന അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കി കേരളഘടകത്തെ ഞെട്ടിച്ചില്ലേ. മുരളീധരൻ ഏത് ബോസ് എന്ന് പരിഹസിച്ച ആനന്ദബോസ് ബംഗാൾ ഗവർണറായില്ലേ… ഇതൊക്കെ ചരിത്രം. ഇത് മനസ്സിലിട്ടാകും നദ്ദാജി പറയും, ജോർജ് കേൾക്കും എന്ന തുഷാർപക്ഷത്തിന്റെ ആശ്വാസം.

ജോഷി ചതിക്കില്ലെന്ന വിശ്വാസം

വിവാദം പൊങ്ങിയത് കോട്ടയത്താണെങ്കിലും ഉരുൾപൊട്ടിയത് പൂഞ്ഞാറിലാണ്. പൂഞ്ഞാർ കോട്ടയം ജില്ലയിലാണെങ്കിലും മണ്ഡലം പത്തനംതിട്ടയാണ്. കോട്ടയം കുഞ്ഞച്ചനിൽ കോനയിൽ കൊച്ചാപ്പി പരിചയപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി പാപ്പച്ചന്റെ സ്വന്തം കാഞ്ഞിരപ്പള്ളിയും പത്തനംതിട്ടയിൽത്തന്നെ. മുന്നണികളെ മലർത്തിയടിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറിയതും പോയവട്ടം തോറ്റെങ്കിലും മോശമല്ലാതെ വോട്ടുനേടിയതും അടക്കമുള്ള ഫയലുമായാണ് ജോർജ്‌ ദില്ലിക്ക്‌ പോയത്.

ബി.ജെ.പി.യിൽ ചേരുന്നോ എന്ന് ചോദിച്ചപ്പോൾ “ഞാനോ” എന്ന പുച്ഛഭാവത്തിൽ പി.സി. പിന്നെ റബ്ബറിനെക്കുറിച്ച് പറഞ്ഞു. “റബ്ബറിന് വില 300 ആയാലേ താൻ അങ്ങോട്ടുള്ളൂ” എന്ന ഒറ്റനിലപാടായിരുന്നു ആദ്യം. പക്ഷേ, അധികംവൈകാതെ ആ കത്തി താഴെയിട്ട് നദ്ദാജിയുടെ വിളികേട്ടു. ബി.ജെ.പി.യിലെത്തിയ പി.സി.യുടെ പിന്നത്തെ കാത്തിരിപ്പ് പത്തനംതിട്ടയ്ക്കായിരുന്നു. സാധ്യതാപട്ടികയിൽ മാധ്യമങ്ങൾ പത്തനംതിട്ട കോളത്തിൽ ഒരു പേരുമാത്രം കൊത്തിവെച്ചു. പി.സി. ജോർജ്. 2019-ൽ കെ. സുരേന്ദ്രൻ നേടിയ 2.90-ഉം കടന്നുള്ള മുന്നേറ്റത്തിന്റെ സാധ്യതകളിൽ ആ ചിരി നിറഞ്ഞു.

പക്ഷേ, കാർമേഘങ്ങൾ ഇരുണ്ടുകൂടിയ ആ സന്ധ്യയിൽ ദില്ലിയിലെ സിംഹം പുറത്തുവിട്ട പട്ടികയിൽ പത്തനംതിട്ട കോളത്തിൽ പേര് മറ്റൊന്നായിരുന്നു. അനിൽ ആന്റണി. ആന്റോ ആന്റണിയെന്ന് കേട്ടിട്ടുണ്ട്, പത്തനംതിട്ടയിൽ പലവട്ടം. പക്ഷേ, മറ്റൊരു ആന്റണി. അതാര്. എന്നമട്ടിലായി പി.സി. പാർട്ടിമാറിയതും പണ്ടേപ്പോലെ പറയാനുള്ള വിലക്കുമൊക്കെ മറന്ന് അദ്ദേഹം ചോദിച്ചു. “ആ കൊച്ചന് പത്തനംതിട്ട എന്തറിയാം. കൊണ്ടുനടന്ന് പരിചയപ്പെടുത്തേണ്ടിവരും” എന്നൊക്കെയായി. കൂടാതെ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ ശരവർഷവും. അവർ രണ്ടുപേരും. അവരാണ് ഇതിനുപിന്നിൽ. ആരാണ്, ആരാണ്… എന്ന് ചോദിച്ചപ്പോൾ അപ്പനും മകനുമെന്ന്. എന്താ തെളിവ്. ഞാനേ കണ്ടുള്ളൂ, നിങ്ങൾക്കൊന്നും അറിയിെല്ലന്ന്.

ജോർജിനെ ചുമന്ന ബി.ജെ.പി. അറിയാൻപോകുന്നതേയുള്ളൂവെന്ന് വെള്ളാപ്പള്ളിയുടെ കൗണ്ടർ. കോൺഗ്രസിന് വേണ്ടാ, കമ്യൂണിസ്റ്റിന് വേണ്ടാ, ജനപക്ഷം ലയിച്ചുപോയി എന്ന് തുടർന്നു. പറഞ്ഞുവന്നപ്പോഴാണ് ജനപക്ഷത്തിന്റെ കാര്യം എല്ലാവരുടെയും മനസ്സിലെത്തിയത്. ഇരുപക്ഷവും വിട്ട് വന്നപ്പോൾ പി.സി. ചൂടിയ കുടയായിരുന്നു ജനപക്ഷം. ആ കുട മടക്കിയാണ് താമരയിതളിന്റെ തണലിലേക്ക് കടന്നത്. കുടമാറിയാലും ജോർജ് ജോർജ് തന്നെ.

കോംപ്രമൈസാക്കാൻ അനിൽ നേരിട്ടെത്തി. ഇവനെന്റെ ചെറുക്കനാ എന്നമട്ടിൽ പി.സി. പ്ലേറ്റ് തിരിച്ചിട്ടു. പക്ഷേ, തുഷാറിനെതിരേ പതിവുപോലെ ഉഷാറായി. കോട്ടയത്തേക്കോ, ഞാനോ എന്നമട്ടിൽ. 19 മണ്ഡലത്തിലും പോകും. കോട്ടയത്തൊഴികെ എന്നാണ് ഇപ്പോഴത്തെ നിലപാട്. സ്ഥാനാർഥി വിളിക്കട്ടെ നോക്കാം. സ്ഥാനാർഥി വിളിക്കുമോ പി.സി. എന്നുചോദിച്ചാൽ എന്റെ പൊന്നനിയാ… നിങ്ങൾ അയാളോട് ചോദിക്ക് എന്നാകും. കേരള പ്രഭാരിയുടെ വിളി തീയിൽ വെള്ളമൊഴിച്ചെങ്കിലും ജോർജ് ജോറാണ്. പലവട്ടം കോടതികയറ്റിയ നാക്കിന്റെ മൂർച്ചയിൽ എള്ളളവ് കുറയ്ക്കാതെ പൂഞ്ഞാറാശാൻ പൊളിക്കും. മാഹിപരാമർശം ഒടുവിലത്തെ ഡോസ്.

കലാശം: അനിലിനെപ്പോലെ തുഷാർ പൂഞ്ഞാറിന് വണ്ടികയറുമോ. ജോർജ് ഒരുവാചകം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇവനെന്റെ ചെറുക്കനാ…