അതിഷി,അരവിന്ദ് കെജ്‌രിവാൾ | Photo: ANI, PTI
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഗൂഢലക്ഷ്യങ്ങളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. ഇ.ഡി. ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി പ്രവര്‍ത്തിക്കുന്നു. കെജ്‌രിവാളിന്റെ ഫോണില്‍നിന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാനാണെന്ന് അന്വേഷണ ഏജന്‍സിയുടെ ശ്രമമെന്നും ഡല്‍ഹിയില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെജ്‌രിവാളിന്റെ, ഏതാനും മാസങ്ങള്‍ മാത്രം പഴക്കമുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്നാണ് ഇ.ഡി.യുടെ ആവശ്യം. മദ്യനയം രൂപീകരിച്ച് നടപ്പാക്കിയ വേളയില്‍ ഈ ഫോണ്‍ ആയിരുന്നില്ല കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം നടപടികള്‍ അന്വേഷണ ഏജന്‍സി ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ ഫോണില്‍ എന്താണ് ഉള്ളതെന്ന് അറിയാനുള്ള താത്പര്യം ഇ.ഡി.ക്കല്ല, മറിച്ച് ബി.ജെ.പിക്കാണെന്നും അതിഷി ആരോപിച്ചു.
‘മദ്യനയം രൂപീകരിച്ച കാലത്തെ ഫോണ്‍ ഇപ്പോള്‍ ലഭ്യമല്ല. അപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ഫോണിന്റെ പാസ്‌വേഡ് വേണമെന്നാണ് അധികൃതരുടെ ആവശ്യം. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ പദ്ധികളും കണ്ടെത്താമെന്നതിനാലാണ് അവര്‍ക്ക് ഫോണ്‍ ആവശ്യം. കൂടാതെ, ഇന്ത്യ സഖ്യത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചകള്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കേണ്ട തന്ത്രങ്ങള്‍ എന്നിവയും ഫോണില്‍ നിന്നും ലഭിക്കും’, അതിഷി പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിന്റെ കസ്റ്റഡി ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
