അപകടത്തിൽപ്പെട്ട കാർ, അനുജ, ഹാഷിം
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നിരുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കെ.പി. റോഡില്‍ ഏനാദിമംഗലം മങ്ങാടു ഭാഗത്തുവച്ചാണ് ഓടുന്ന കാറില്‍ വച്ച് മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഏനാദിമംഗല ഗ്രാമപ്പഞ്ചായത്തംഗം ശങ്കര്‍മാരൂര്‍ പറയുന്നു. താന്‍ സഞ്ചരിച്ച കാറിനു മുമ്പില്‍ അപകടത്തില്‍പ്പെട്ട കാര്‍ പോയിരുന്നു. കാറിന്റെ വാതില്‍ രണ്ടു മൂന്നു തവണ തുറക്കുകയും ചെയ്തു. കൂടാതെ കാറിന്റെ ഇടതുഭാഗത്തെ വാതില്‍ വഴി രണ്ടു കാലുകള്‍ പുറത്തേക്ക് ഇട്ടത് കണ്ടതായും ശങ്കര്‍മാരൂര്‍ പറഞ്ഞു. മദ്യപിച്ച ആളുകള്‍ ആരെങ്കിലും ആണെന്ന് കരുതിയാണ് പിന്നീട് ശ്രദ്ധിക്കാതെ പോയതെന്നും അദ്ദേഹം പറയുന്നു.
വ്യാഴാഴ്ച രാത്രി 11.15 ഓടെയുണ്ടായ അപകടത്തില്‍ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം.
സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായെത്തി. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ ഹാഷിം കാര്‍ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ഹാഷിം ബന്ധുവാണെന്നും വീട്ടിലേക്കെത്തക്കോളാമെന്നുമായിരുന്നു കാര്യം എന്താണെന്ന് ആരാഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് അനുജ നല്‍കിയ മറുപടി.
തുടര്‍ന്ന്, സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്റ്റേഷനിലേക്ക് എത്താമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ വഴി അടൂര്‍ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട്, അറിയുന്നത് ഇരുരുടേയും മരണവാര്‍ത്തയാണ്.
അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാകാമെന്ന സംശയം പോലീസിനുണ്ട്. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
