അബിഗെയ്‌ലും ബ്രിട്ടനിയും ജോഷ് ബൗളിങ്ങിനൊപ്പം | Photo: facebook/ britt and abby

ലോകപ്രശസ്തരായ അമേരിക്കന്‍ സയാമീസ് ഇരട്ടകളാണ് അബിഗെയ്ല്‍ ലോറെയന്‍ ഹെന്‍സലും ബ്രിട്ടനി ലീ ഹെന്‍സലും. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയിലെ റിയാലിറ്റി സീരിസായ ‘അബി ആന്റ് ബ്രിട്ടനി’യിലൂടെയാണ് ഇരുവരും പ്രശസ്തരായത്. ഇപ്പോഴിതാ ഇവരില്‍ ഒരാളായ അബിഗെയ്ല്‍ വിവാഹിതയായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വിമുക്ത ഭടനും നഴ്‌സുമായ ജോഷ് ബൗളിങ്ങിനെയാണ് അബിഗെയ്ല്‍ വിവാഹം ചെയ്തത്. 2021-ല്‍ നടന്ന ഈ രഹസ്യവിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് അബിഗെയ്ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അബിഗെലിന്റേയും ബ്രിട്ടനിയുടേയും ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ബ്രിട്ട് ആന്റ് അബിയുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ജോഷിനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ പ്രൊഫൈല്‍ ഫോട്ടോ. വെള്ള ഗൗണാണ് ഇരട്ടകള്‍ ധരിച്ചിരിക്കുന്നത്. ഗ്രേ സ്യൂട്ടാണ് ജോഷിന്റെ ഔട്ട്ഫിറ്റ്. അബി​ഗെയ്ലിന്റെ കൈപിടിച്ച് മുഖത്തേക്ക് നോക്കിനില്‍ക്കുന്ന ജോഷിനെ ചിത്രത്തില്‍ കാണാം.

നേരത്തെ ജോഷും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ഒരു റീല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹവേഷത്തില്‍ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോ. നിലവില്‍ മിനസോട്ടയില്‍ താമസിക്കുന്ന സയാമീസ് ഇരട്ടകള്‍ ഫിഫിത് ഗ്രേഡ് അധ്യാപികമാരാണ്.

1990-ല്‍ ജനിച്ച ഇവര്‍ കുട്ടിക്കാലത്ത് തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1996-ല്‍ ഓപ്ര വിന്‍ഫ്രിയുടെ ഒരു ടെലിവിഷന്‍ ഷോയിലൂടെയാണ് ഈ സയാമീസ് ഇരട്ടകളെ ലോകം അറിഞ്ഞത്. മിനസോട്ടയിലെ ബെതേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇരുവരും ഗണിതശാസ്ത്ര അധ്യാപകരാണ്.

ഒറ്റനോട്ടത്തില്‍തന്നെ ഒരു ശരീരവും ഇരുതലയുമായി തോന്നുമെങ്കിലും തങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തികള്‍ ആണെന്നും വേര്‍പിരിയണമെന്ന് തങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഇരുവരും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, രണ്ട് പേര്‍ക്കും അവരുടേതായ ഹൃദയവും ആമാശയവും നട്ടെല്ലും ശ്വാസകോശവുമുണ്ട്. എന്നാല്‍ ഓരോ കൈകളും കാലുകളുമാണുള്ളത്. ജനനസമയത്ത് ഇരുവരേയും വേര്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും രണ്ടുപേരും ജീവിച്ചിരിക്കാനുള്ള സാധ്യത കുറവായതിനാല്‍ ശസ്ത്രക്രിയ ചെയ്യേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു മാതാപിതാക്കളായ പാറ്റിയും മൈക്കും.