പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനു, പ്രതി മുജീബ്‌റഹ്‌മാൻ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസില്‍ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റവീന അറസ്റ്റിൽ. അനുവിന്റെ സ്വർണാഭരണങ്ങൾ വിറ്റ് ലഭിച്ച പണം റവീനയാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിലെ രണ്ടാം പ്രതിയായ റവീനയുടെ അറസ്റ്റ്.

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനുവിന്റെ സ്വർണം വിറ്റ് ലഭിച്ച 1,43,000 രൂപ ഭാര്യയെയായിരുന്നു മുജീബ് ഏൽപ്പിച്ചിരുന്നത്. പിന്നീട്, ഈ പണം റവീന തന്റെ സുഹൃത്തിന് കൈമാറുകയായിരുന്നു. നേരത്തെ, ആഭരണം വിറ്റ് ലഭിച്ച പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും മുജീബും ഭാര്യയും വിവരം നൽകിയിരുന്നില്ല.

മുജീബ് പോലീസ് പിടിയിലായാല്‍ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പോലീസ് വീട്ടില്‍ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും റവീന നടത്തിയിരുന്നു. എന്നാൽ, പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.

മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ തോട്ടില്‍ തള്ളിയിട്ട പ്രതി, വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പേരാമ്പ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസിന്റെ സഹായത്തോടെ ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

കൊടുംക്രിമിനലായ മുജീബ് റഹ്‌മാന്‍ മോഷണം, ബലാത്സംഗം ഉള്‍പ്പെടെ 57 കേസുകളില്‍ പ്രതിയാണ്. നാലുവര്‍ഷം മുന്‍പ് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി ക്രൂരമായി ബലാത്സംഗംചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലും മുജീബ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

പണംതീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങുന്നതാണ് മുജീബ് റഹ്‌മാന്റെ രീതി. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.