സക്കറിയ, അമൽ

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. പൗഡര്‍ രൂപത്തിലുള്ള 62.57 ഗ്രാം വൈറ്റ് മെത്ത്, 3.300 കിലോ കഞ്ചാവ്, 18 ലഹരിഗുളികകള്‍ എന്നിവ കണ്ടെടുത്തു.

കാസര്‍കോട് ബംബരാണ കിദേര്‍ സക്കറിയ മന്‍സില്‍ സക്കറിയ (ഷേണായി-32), ഇടുക്കി വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം, എറണാകുളം ഐ.ബി., എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവര്‍ ചേര്‍ന്നാണിവരെ പിടികൂടിയത്.

മയക്കു മരുന്നുകള്‍ തൂക്കുന്നതിനുള്ള യന്ത്രങ്ങള്‍, ലാപ്ടോപ്പ്, രണ്ട് ഫോണുകള്‍, കവറുകള്‍, ബൈക്ക്, 16,500 രൂപ എന്നിവയും കസ്റ്റഡിയില്‍ എടുത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി ‘മാഡ് മാക്‌സ് ‘ എന്ന ഗ്രൂപ്പുണ്ടാക്കി ആവശ്യക്കാര്‍ക്ക് രാത്രി മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു രീതി. ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. വൈറ്റില ചക്കരപ്പറമ്പിനു സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.