Screengrab Courtesy: Youtube.com/ The Lallantop

ന്യൂഡല്‍ഹി: ഹോളി റീല്‍സ് വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് പോലീസിന്റെ വക എട്ടിന്റെപണി. സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റീല്‍സ് പോസ്റ്റ് ചെയ്തതിനാണ് പ്രീതി, വിനീത, പീയുഷ് എന്നിവര്‍ക്കെതിരേ നോയിഡ പോലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ ഉടമയായ വിനീതയ്ക്ക് 80,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

പ്രീതിയും വിനീതയും പീയുഷും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍സ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹോളി ആഘോഷങ്ങളോടനുബന്ധിച്ചാണ് മൂവരും ചേര്‍ന്ന് റീല്‍സ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. ഇതില്‍ സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയുള്ള റീല്‍സാണ് കേസെടുക്കാന്‍ കാരണമായത്.

ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ വീഡിയോകളാണ് മൂവരും ചേര്‍ന്ന് ചിത്രീകരിച്ചിരുന്നത്. ഇതില്‍ ഒരു വീഡിയോയില്‍ മൂവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. പീയുഷ് വാഹനമോടിക്കുകയും രണ്ട് യുവതികള്‍ സ്‌കൂട്ടറിന് പിറകില്‍ അനോന്യം നോക്കിയിരിക്കുന്നതും പരസ്പരം കെട്ടിപ്പുണരുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്. യുവാവ് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി സീറ്റില്‍ കയറിനിന്ന് അഭ്യാസപ്രകടനം നടത്തുന്നതും യുവാവിന്റെ മുഖത്ത് ചായം തേക്കുന്നതുമായിരുന്നു മറ്റൊരു റീല്‍സിന്റെ ഉള്ളടക്കം. അവസാനം യുവതി സ്‌കൂട്ടറില്‍നിന്ന് താഴെവീഴുന്നതും ഈ റീല്‍സിലുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് മൂവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്.

പ്രീതിയുടെയും വിനീതയുടെയും ഡല്‍ഹി മെട്രോയില്‍നിന്നുള്ള ഹോളി റീല്‍സുകളും കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. രണ്ടുയുവതികളും മെട്രോ ട്രെയിനില്‍ നിലത്തിരുന്ന് പരസ്പരം ചായം പൂശുന്നതായിരുന്നു റീല്‍സിന്റെ ഉള്ളടക്കം. ഈ വീഡിയോക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അതേസമയം, പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെ സംഭവത്തില്‍ യുവാക്കള്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക പിഴയടയ്ക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികശേഷിയില്ലെന്നും തങ്ങള്‍ ചെയ്ത തെറ്റ് സമ്മതിക്കുന്നതായും യുവാക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

അഭ്യാസപ്രകടനം നടത്താനല്ല തങ്ങള്‍ ഉദ്ദേശിച്ചത്. റീല്‍സ് ചിത്രീകരിക്കുക മാത്രമാണ് ചെയ്തത്. അതില്‍ തെറ്റില്ലല്ലോ. എന്തായാലും എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത്രയും വലിയ തുക പിഴയായി അടയ്ക്കാന്‍ കൈയില്‍ പണമില്ല. അതിനാല്‍ പിഴത്തുക കുറച്ചുതരണമെന്ന് അപേക്ഷിക്കുകയാണ്. ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിനീത മാധ്യമങ്ങളോട് പറഞ്ഞു.

നോയിഡയില്‍ താമസിക്കുന്ന വിനീതയും ഉത്തരാഖണ്ഡ് സ്വദേശിയായ പ്രീതിയും ഡല്‍ഹി സ്വദേശിയായ പീയുഷും അടുത്തിടെയാണ് ഒരുമിച്ച് റീല്‍സ് ചെയ്യാന്‍ ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മൂവരും ഏതാനും മാസങ്ങളായി ഒരുമിച്ചുള്ള പല റീല്‍സുകളും പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഹോളി റീല്‍സുകള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ കാഴ്ചക്കാരാണുണ്ടായിരുന്നത്.