Photo: https://twitter.com/SunRisers
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎല്ലിലെ റെക്കോഡ് സ്കോറിന് മുമ്പിൽ പൊരുതി വീണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സിന് 31 റൺസിന്റെ ജയം. 278 റൺസെന്ന വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 246 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണറായെത്തിയ രോഹിത് ശർമ്മയും ഇഷാൻ കിഷനും മികച്ച തുടക്കമായിരുന്നു മുംബൈക്ക് നൽകിയത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനെ ഷഹബാസ് അഹ്മദ് പുറത്താക്കി. പിന്നാലെ 12 ബോളിൽ 26 റൺസ് നേടി രോഹിതും പുറത്തായി. മികച്ചതുടക്കത്തിന് പിന്നാലെ കൂറ്റനടികൾക്ക് മുതിർന്ന മുൻ ക്യാപ്റ്റനെ കുമ്മിൻസ് അഭിഷേക് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തിൽ 64 റൺസ് നേടി വിജയപ്രതീക്ഷ നൽകിയ തിലക് വർമയെ പുറത്താക്കി വീണ്ടും കുമ്മിൻസ് മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു. നമൻ ധിർ 14 പന്തിൽ 30 റൺസെടുത്തു. ടിം ഡേവിഡ് (42), ഹാർദിക് പാണ്ഡ്യെ (24) എന്നിവർ മുംബൈയ്ക്ക് വേണ്ടി പൊരുതിയെങ്കിലും രണ്ടാം വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് നിരാശയായിരുന്നു ഫലം. സൺറൈസേഴ്സിന് വേണ്ടി ജയദേവ് ഉദ്കട്, പാറ്റ് കുമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഷഹബാസ് അഹ്മദ് ഒരു വിക്കറ്റ് നേടി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം അക്ഷരാർഥത്തിൽ തെറ്റി. കളിക്കളത്തിൽ സൺറൈസേഴ്സ് താരങ്ങൾ തകർത്താടി. തുടക്കം മുതൽ തന്നെ മുംബൈ ബൗളർമാരെ ചവിട്ടിക്കൂട്ടിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. ഇതോടെ ഐപിഎല്ലിൽ ഏറ്റവും വലിയ റൺസ് നേടുന്ന ടീം എന്ന റെക്കോഡ് സൺറൈസേഴ്സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അതേരീതിയില്‍ തിരിച്ചടിച്ചു.
എട്ട് ഓവർ പിന്നിടുന്നതിനുമുമ്പേ നൂറ് റൺസും 15 ഓവർ പിന്നിടുന്നതിന് മുമ്പേ സൺറൈസേഴ്സ് 200 റൺസും കടന്നിരുന്നു. 2013-ൽ പുണെ വാരിയേഴ്സിനെതിരേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസായിരുന്നു ഇതിന് മുമ്പ് ഉണ്ടായിരുന്ന റെക്കോർഡ്. ഇതാണ് സൺറൈസേഴ്സ് തകർത്തത്.
ഓപ്പണിങ് ബാറ്റിങ്ങിന് ഇറങ്ങിയ ട്രേവിസ് ഹെഡിന്റെ തകർപ്പൻ അർധസെഞ്ചുറിയിൽ 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 174 റൺസ് എന്ന നിലയിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. മായങ്ക് അഗർവാൾ 13 പന്തിൽ 12 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയുടെ ബോളിൽ പുറത്തായി. പിന്നാലെ എത്തിയ അഭിഷേക് ശർമ്മയും ഹെഡും കൂറ്റനടികളുമായി കളംനിറഞ്ഞു. 18 പന്തിലായിരുന്നു ഹെഡിന്റെ അർധസെഞ്ചുറി നേട്ടം. 24 പന്തിൽ 62 റൺസെടുത്താണ് ഹെഡ് പുറത്തായത്. മൂന്ന് സിക്സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു ഹെഡ് നേടിയ സ്കോർ. കൂറ്റനടിക്ക് മുതിർന്ന ഹെഡിനെ റാൾഡ് കോട്‌സി തളച്ചിട്ടു.
അപ്പോഴേക്കും മറുവശത്ത് അഭിഷേക് ശർമ്മ നിലയുറപ്പിച്ചിരുന്നു. 16 പന്തിൽ അർധസെഞ്ചുറിയുമായി അഭിഷേക് ശർമ്മയും കളത്തിൽ തകർത്താടി. 23 പന്തിൽ 63 റൺസെടുത്ത ശേഷമായിരുന്നു അഭിഷേക് ശർമ്മ കളംവിട്ടത്. ഏഴ് സിക്സും മൂന്ന് ഫോറും അതിർത്തികടത്തിയായിരുന്നു അഭിഷേക് ശർമ്മയുടെ ബാറ്റിങ്. അഭിഷേക് ശർമ്മയെ ചൗള പുറത്താക്കിയതിന് പിന്നാലെ എത്തിയ ഐഡൻ മാർക്രമും ഹെൻറിച്ച് ക്ലാസന് പിന്നാലെ തകർത്താടി. 28 പന്തിൽ 42 റൺസായിരുന്നു മാർക്രാം നേടിയത്. 34 പന്തിൽ 80 റൺസ് ഹെൻറിച്ച് ക്ലാസന്റെ വക അടിച്ചു കൂട്ടി. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു സ്കോർ.
മുംബൈയ്ക്കായ് അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 താരം ക്വെന മഫാകയാണ് മുംബൈ ബോളിങ് നിരയിൽ ഏറ്റവും കൂടുതൽ അടിവാങ്ങിക്കൂട്ടിയത്. നാല് ഓവറിൽ 66 റൺസായിരുന്നും മഫാക വഴങ്ങിയത്. ജെറാൾഡ് കോട്സ് നാല് ഓവറിൽ 57 റൺസും ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 46 റൺസും വഴങ്ങി. ബുംമ്ര നാല് ഓവറിൽ 36 റൺസ് വഴങ്ങി. പാണ്ഡ്യ, കോട്സ്, ചൗള എന്നിവർ ഓരോ വിക്കറ്റ് നേടി.
