ഗിരീഷ്, പ്രജിത്ത്

കൊല്ലം: മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42-കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസിന്റെ പിടിയിലായി.

കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ് (46), ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര ഓംചേരി കിഴക്കതില്‍ വീട്ടില്‍ പ്രജിത്ത് (38) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി ബാലാജിയെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ മരുത്തടി ഓംചേരി മഠത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ബാലാജിയും ഗിരീഷും തമ്മില്‍ കഞ്ചാവുകച്ചവടത്തെപ്പറ്റി തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഗിരീഷും പ്രജീഷും ചേര്‍ന്ന് ബിയര്‍ക്കുപ്പികൊണ്ട് ഇയാളെ മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബാലാജിയുടെ കഴുത്തില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ.മാരായ വിനോദ്, പ്രദീപ്, സുദര്‍ശനന്‍, എസ്.സി.പി.ഒ. അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.