പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ഇത്തവണ രൂപപ്പെട്ടിട്ടുള്ള ഇടത്- കോൺഗ്രസ് സഖ്യം ബി.ജെ.പി.ക്ക് ആശങ്ക സൃഷ്ടിക്കുന്നു. ഭരണവിരുദ്ധവികാരത്തിന്റെ ഭാഗമായി കിട്ടേണ്ട വോട്ടുകൾ വിഘടിച്ചുപോകുമോ എന്ന സംശയമാണ് ഉൾപ്പാർട്ടി ചർച്ചകളിൽ ഉയരുന്നത്.
പൗരത്വനിയമ ഭേദഗതിയിലൂടെ കിട്ടുന്ന വോട്ടുകളും തൃണമൂൽ സർക്കാരിനുനേരേയുള്ള പ്രതിഷേധത്തിൽ കിട്ടാവുന്ന ഭരണവിരുദ്ധവോട്ടുകളുമാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. കോൺഗ്രസും ഇടതുപക്ഷവും പ്രത്യേകമായി മത്സരിച്ച 2019-ൽ തൃണമൂൽവിരുദ്ധവോട്ടുകൾ ബഹുഭൂരിപക്ഷവും ബി.ജെ.പി.ക്കുതന്നെ ലഭിച്ചിരുന്നു. ഈ തരംഗത്തിലാണ് അവർ 18 സീറ്റുകൾ നേടിയത്. പുൽവാമയും ബാലാകോട്ടും പോലെയുള്ള വൈകാരികവിഷയങ്ങളുടെ ഓളവും ആ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു.
എന്നാൽ, 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായിട്ടുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും സമീപകാലത്തുനടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടത്- കോൺഗ്രസ് സഖ്യം ബി.ജെ.പി.യെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് എത്തുന്ന പ്രവണതയാണ് കാണുന്നത്. സാഗർ ദീഘി ഉപതിരഞ്ഞെടുപ്പിൽ തൃണമൂലിനെ തോൽപ്പിച്ച് സഖ്യസ്ഥാനാർഥി ജയിക്കുകയുംചെയ്തു. സ്വന്തംനിലയ്ക്ക് വലിയ സീറ്റുനേട്ടമുണ്ടാക്കാൻ സഖ്യത്തിന് സാധിച്ചില്ലെങ്കിൽക്കൂടി ബി.ജെ.പി.യുടെ വഴിമുടക്കാൻ അവർ കാരണമായേക്കും.
ചതുഷ്കോണമത്സരംനടന്ന 2014-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 17 ശതമാനം വോട്ടുനേടിയാണ് ബി.ജെ.പി. ബംഗാളിൽ വരവറിയിച്ചത്. പക്ഷേ, ഇടത്- കോൺഗ്രസ് സഖ്യം ആദ്യമായിവന്ന 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ അത് 10 ശതമാനമായി താഴ്ന്നു. ഇരുകൂട്ടരും പ്രത്യേകമായി മത്സരിച്ച 2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ വീണ്ടും അത് വൻതോതിൽ ഉയർന്ന് 40 ശതമാനത്തിലെത്തി. തൃണമൂൽവിരുദ്ധവികാരത്തിന്റെ പേരിൽ ഭൂരിഭാഗം ഇടതുപക്ഷവോട്ടുകളും ഭാഗികമായി കോൺഗ്രസ് വോട്ടുകളും ബി.ജെ.പി.ക്ക് കിട്ടി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ പ്രവണത ആവർത്തിച്ചു. ഇതിനുശേഷമാണ് കോൺഗ്രസ്-ഇടതു ക്യാമ്പുകൾ സഖ്യശ്രമം ഊർജിതമാക്കിയത്.
തൃണമൂൽവിരുദ്ധവോട്ടുകൾ വിഘടിപ്പിക്കുമോ എന്ന ആശങ്കയുയരുമ്പോൾത്തന്നെ സഖ്യം മറ്റൊരു പ്രതീക്ഷയും ബി.ജെ.പി. ക്യാമ്പിന് നൽകുന്നുണ്ട്. തൃണമൂലിന്റെ കുത്തകയായിമാറിയിട്ടുള്ള ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീണേക്കാമെന്നതാണത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിലുള്ള വോട്ടിങ് പ്രവണതയാവില്ല ലോക്‌സഭാതിരഞ്ഞെടുപ്പിലേതെന്നും അവർ കണക്കുകൂട്ടുന്നു.
