ആടുജീവിതം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: http://www.facebook.com/PrithvirajSukumaran

16 വര്‍ഷങ്ങള്‍… ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒരു സംവിധായകന്‍ ഒരു ചിത്രം പൂര്‍ത്തികരിക്കാനായി ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടുണ്ടാവില്ല. ഒരു സിനിമ റിലീസാവാന്‍ പ്രേക്ഷകരും ഇതുപോലെ ക്ഷമിച്ചിരുന്നിട്ടുണ്ടാവില്ല. ഈ രണ്ടുകൂട്ടരുടേയും ആ തപസിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. പറഞ്ഞുവരുന്നത് ആടുജീവിതത്തേക്കുറിച്ചാണ്. നജീബ് എന്ന യഥാര്‍ത്ഥ വ്യക്തിയുടെ അനുഭവങ്ങളുടെ ചൂട് പകര്‍ത്തി ബെന്യാമിന്‍ എന്ന സാഹിത്യകാരന്‍ സൃഷ്ടിച്ച ആടുജീവിതം ഇപ്പോള്‍ ബ്ലെസി എന്ന സംവിധായകനിലൂടെ പുനരവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതും മൂലകൃതിയുടെ സത്ത യാതൊരുവിധത്തിലും ചോര്‍ന്നുപോകാതെ.

ആടുജീവിതം സിനിമയാകുന്നു എന്നുകേട്ടപ്പോള്‍ പലരുടേയും മനസിലുയര്‍ന്ന സംശയമായിരിക്കും ഈ കൃതി എങ്ങനെ ചിത്രീകരിച്ചെടുക്കും എന്ന്. എന്നാല്‍ ആ സംശയം ഒരുവിധത്തിലുമുള്ള ചോദ്യങ്ങള്‍ക്കും ഇടനല്‍കാതെ ദൃശ്യവത്ക്കരിക്കുന്നതില്‍ ബ്ലെസിയും സംഘവും വിജയിച്ചിരിക്കുന്നു എന്ന് ആദ്യമേതന്നെ പറയട്ടെ. ഇത്രയും ജനപ്രിയമായ ഒരു നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച് അത് നടപ്പിലാക്കിയെടുത്ത ബ്ലെസിക്ക് നല്ലൊരു കയ്യടി നല്‍കണം. കാരണം നോവല്‍ വായിച്ച് മനസില്‍ പതിപ്പിച്ചവര്‍ക്കിടയിലേക്കാണ് അതേ കൃതിയുടെ ദൃശ്യഭാഷ്യവുമായി എത്താന്‍ അദ്ദേഹം തീരുമാനിച്ചത്. വായനക്കാർ മനസിൽ കണ്ട അതേരീതിയിൽത്തന്നെ അത് സാധ്യമായിരിക്കുന്നു എന്നിടത്താണ് ബ്ലെസി എന്ന സംവിധായകന്റെ വിജയം.

നോവല്‍ അതേപടി സിനിമയാക്കുകയല്ല ബ്ലെസി ചെയ്തിരിക്കുന്നത്. പ്രധാന സംഭവങ്ങളേയും കഥാപാത്രങ്ങളേയും ഉള്‍പ്പെടുത്തി പുതിയൊരു തലം ആടുജീവിതത്തിന് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. നോവല്‍ വായിച്ച് മനഃപാഠമാക്കിയവര്‍ക്കുപോലും പുതിയൊരു കഥ എന്ന രീതിയില്‍ സിനിമയെ സമീപിക്കാം എന്നര്‍ത്ഥം. ആദ്യപകുതിയില്‍ നജീബും അയാളുടെ പശ്ചാത്തലവും ഗള്‍ഫില്‍ എത്തിപ്പെടുന്ന സാഹചര്യവും അവിടെ അയാള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും പറഞ്ഞ് കൃത്യമായ അടിത്തറയുണ്ടാക്കിയെടുക്കുകയാണ് ബ്ലെസി ചെയ്യുന്നത്. രണ്ടാം പകുതിയിലാണ്‍ നജീബിന്റെ ജീവിതത്തെ പ്രേക്ഷകര്‍ ആഴത്തില്‍ അറിയുകയും അയാള്‍ക്കൊപ്പമുള്ള ആടുജീവിതം ആരംഭിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്നത്.

കഥാപാത്രങ്ങളിലേക്കുവന്നാല്‍ നജീബായി എത്തിയ പൃഥ്വിരാജില്‍നിന്നുതന്നെ തുടങ്ങാം. ഒരുപക്ഷേ ഇനിയൊരിക്കലും പൃഥ്വിരാജ് ഇതുപോലൊരു വേഷം ചെയ്യാനിടയില്ല. കാരണം തന്റെ ശരീരവും മനസും അദ്ദേഹം നജീബിനായി നല്‍കിക്കഴിഞ്ഞു. സിനിമയില്‍ പൃഥ്വിരാജിന്റെ കരിയര്‍ ഇനി ആടുജീവിതത്തിന് മുമ്പും ശേഷവും എന്ന് അറിയപ്പെടും. യഥാര്‍ത്ഥ നജീബ് എന്തെല്ലാം അനുഭവിച്ചോ അതെല്ലാം അതേ തീവ്രതയില്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുന്നതില്‍ പൃഥ്വിരാജ് നൂറുശതമാനവും വിജയിച്ചിട്ടുണ്ട്. മരുഭൂമിയിലെ ജീവിതം സമ്മാനിച്ച ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അയാളെ സംസാരിക്കാന്‍പോലും മറന്ന അവസ്ഥയിലെത്തിച്ചിരുന്നു. ആടുകള്‍ക്കൊപ്പമുള്ള നാളുകള്‍ കടന്നുപോകേ ആടുകളുടേതുപോലെയായിരുന്നു നജീബിന്റെ ശബ്ദവും ഭക്ഷണംകഴിക്കുന്ന രീതിപോലും. കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന, ജീവിക്കുന്ന പൃഥ്വിരാജിനെ ആടുജീവിതത്തില്‍ കാണാം.

എടുത്തുപറയേണ്ട മറ്റൊരാള്‍ ഹക്കീം ആയെത്തിയ ഗോകുല്‍ ആണ്. ഈയിടെ നടന്ന ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് ഗോകുലിനേക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. നജീബ് കടന്നുപോയ അതേ യാതനകളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമാണ് ഹക്കീമും സഞ്ചരിച്ചത്. തന്റെ ആദ്യ ചിത്രമാണെന്ന് തോന്നിക്കാത്തവിധം ഹക്കീമിനെ അവിസ്മരണീയമാക്കിയിട്ടുണ്ട് ഗോകുല്‍. ചിത്രത്തിലൂടനീളം ഒരു നോവായി നില്‍ക്കുന്നുണ്ട് ഹക്കീം. ഇബ്രാഹിം കാദിരിയായെത്തിയ ജിമ്മി ജീന്‍ ലൂയിസും തന്റെ മലയാള അരങ്ങേറ്റം ഗംഭീരമാക്കിയിട്ടുണ്ട്. അമലാപോള്‍ അവതരിപ്പിച്ച സൈനു, ശോഭാ മോഹന്റെ ഉമ്മ എന്നിവര്‍ മനസില്‍ നോവുപടര്‍ത്തുന്നതാണ്.

എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രാഹകന്‍ സുനില്‍ കെ.എസ് എന്നിവരെക്കുറിച്ച് പറയാതെ ആടുജീവിതത്തേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൂര്‍ണമാവില്ല. ആടുജീവിതത്തിന്റെ ദൃശ്യഭാഷയ്ക്ക് ഇവര്‍ ഇരുവരും നല്‍കിയ സംഭാവനകള്‍ നിറഞ്ഞ കയ്യടിയര്‍ഹിക്കുന്നു. നജീബിന്റെ ആടുജീവിതം എത്രമാത്രം ഭീകരതയും നിസ്സഹായതയും നിറഞ്ഞതായിരുന്നു എന്ന് ആഴത്തില്‍ മനസിലാക്കിയായിരുന്നു എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയത്. വേറൊരുതരത്തില്‍ പറഞ്ഞാല്‍ സംഗീതം മറ്റൊരു കഥാപാത്രംതന്നെയായിരുന്നു സിനിമയില്‍. സുനില്‍.കെ.എസിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതിനെ അന്താരാഷ്ട്രനിലവാരത്തിലുള്ളത് എന്നുപറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയ വിശേഷണമാവും. കണ്ടിരിക്കുന്നവരെക്കൂടി ആ മരുഭൂമിയിലേക്ക് കുരുക്കിയിടുന്ന മാജിക് അദ്ദേഹം തീര്‍ത്തിട്ടുണ്ട്.

മലയാളത്തില്‍ എന്തുകൊണ്ട് ഈ 16 വര്‍ഷം വേറൊരു ചിത്രം സംവിധാനംചെയ്തില്ല എന്ന ചോദ്യത്തിന് ബ്ലെസിക്ക് നല്‍കാനുള്ള ഉത്തരമാണ് ആടുജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് എന്ന് ആടുജീവിതം നോവലില്‍ ബെന്യാമിന്‍ പറയുന്നുണ്ട്. പക്ഷേ അതിനപ്പുറമുള്ള ജീവിതക്കാഴ്ചകളാണ് നജീബിന്റെ ജീവിതം പ്രേക്ഷകരോടുപറയുന്നത്. പ്രതിബന്ധങ്ങളില്‍ തളരാതെ സ്വന്തം സ്വപ്‌നത്തിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്നവര്‍ക്കും അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ബ്ലെസി എന്ന സംവിധായകന്‍ ഒരു പാഠമാണ്. തിയേറ്ററില്‍ത്തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ആടുജീവിതം.