തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, രാഹുൽ ഗാന്ധി | Photo: ANI

ചില സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. പൂര്‍ണിയ വിട്ടുകൊടുക്കില്ലെന്ന് പപ്പു യാദവ്

പട്‌ന: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബിഹാറിലെ മഹാസഖ്യത്തില്‍ സീറ്റുവിഭജനം ഏതാണ്ട് ധാരണയായെങ്കിലും ചിലയിടത്ത് തര്‍ക്കം തുടരുകയാണ്. പപ്പു യാദവിനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന പൂര്‍ണിയ സീറ്റിലാണ് ഇപ്പോള്‍ പ്രധാനമായും തര്‍ക്കം നടക്കുന്നത്. അവിടെ ആര്‍.ജെ.ഡി. ബിമാ ദേവി എന്ന സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കിക്കഴിഞ്ഞു. എന്നാല്‍, തന്റെ തട്ടകമായ പൂര്‍ണിയ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് വാശിയിലാണ് പപ്പു യാദവ്.

കോണ്‍ഗ്രസിന് കഴിഞ്ഞതവണ ലഭിച്ച ഏക സീറ്റായ കിഷന്‍ഗഞ്ച് കൂടാതെ കാത്തിഹാര്‍, ഭഗല്‍പുര്‍, സമഷ്ടിപുര്‍, പട്‌നാസാഹിബ്, വെസ്റ്റ് ചമ്പാരണ്‍, മഹാരാജ്ഗഞ്ച്, സസാറാം, മുസാഫര്‍പുര്‍ സീറ്റുകളാണ് ആര്‍.ജെ.ഡി. നല്‍കുക എന്നറിയുന്നു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

മഹാസഖ്യത്തെ നയിക്കുന്ന ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഏകപക്ഷീയമായി സീറ്റുകള്‍ തീരുമാനിക്കുന്നതില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ട്. ആദ്യം കോണ്‍ഗ്രസിന് അഞ്ചോ ആറോ സീറ്റുകളാണ് പറഞ്ഞിരുന്നതെങ്കില്‍ ഒമ്പത് സീറ്റ് നല്‍കാനാണ് ഇപ്പോഴത്തെ ധാരണ. ആഗ്രഹിച്ച സീറ്റുകള്‍ പലതും നല്‍കാന്‍ ആര്‍.ജെ.ഡി. തയ്യാറായില്ലെങ്കിലും ഒമ്പതെണ്ണം ലഭിക്കുന്നതോടെ കോണ്‍ഗ്രസ് വഴങ്ങിയേക്കുമെന്നാണ് സൂചന.

സി.പി.ഐ.ക്ക് ഒന്നും സി.പി.ഐ. എം.എല്ലിന് (മാ-ലെ) രണ്ടും സീറ്റുകള്‍ നല്‍കാനാണ് ആര്‍.ജെ.ഡി. തീരുമാനം. സി.പി.ഐ.ക്ക് ഇതില്‍ എതിര്‍പ്പില്ലെങ്കിലും മാ-ലെ തൃപ്തരല്ല. നാല് സീറ്റുകളില്‍ തങ്ങള്‍ മത്സരിക്കുമെന്ന് സി.പി.ഐ. എം.എല്‍. ലിബറേഷന്‍ (മാ-ലെ) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ‘മാതൃഭൂമി’യോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ സീറ്റു വിഭജനം പൂര്‍ത്തിയാക്കി പ്രഖ്യാപനമുണ്ടാകും. അതേസമയം, രണ്ടിലേറെ സീറ്റുകള്‍ മാ-ലെയ്ക്ക് നല്‍കാനിടയില്ലെന്നാണ് ആര്‍.ജെ.ഡി. വൃത്തങ്ങള്‍ പറയുന്നത്.

അസ്വസ്ഥത വിതച്ച തേജസ്വിയുടെ പ്രഖ്യാപനം

ഏപ്രില്‍ 19-ന് ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഗയ, ജാമുയി, നവാഡ, ഔറംഗാബാദ് മണ്ഡലങ്ങളില്‍ തേജസ്വി സ്വന്തം നിലയ്ക്ക് ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് സഖ്യകക്ഷികളില്‍ അസ്വസ്ഥത ഉണ്ടാക്കി.

ഔറംഗാബാദ് സീറ്റിലേക്ക് മുന്‍ കേരളാ ഗവര്‍ണറും ഡല്‍ഹി പോലീസ് മുന്‍ മേധാവിയുമായ നിഖില്‍ കുമാറിനെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. കോസി നദീതീര മേഖലയില്‍ വരുന്ന മാഥേപുര, സുപോള്‍ സീറ്റുകളും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

ഔറംഗാബാദില്‍ മുന്‍ കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാറിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. എന്നാല്‍ അവിടെ അഭയ് കുശ്വാഹയ്ക്ക് ആര്‍.ജെ.ഡി. ചിഹ്നം നല്‍കിയത് കോണ്‍ഗ്രസ്സില്‍ എതിര്‍പ്പുണ്ടാക്കി. അടുത്തിടെ ജെ.ഡി.യു. വിട്ട് ആര്‍.ജെ.ഡി.യില്‍ ചേര്‍ന്നതാണ് കുശ്വാഹ.

എന്നാല്‍, പൂര്‍ണിയ മണ്ഡലമാണ് ഇപ്പോള്‍ മുഖ്യ തര്‍ക്കകേന്ദ്രം. അടുത്തിടെ കോണ്‍ഗ്രസ്സിലെത്തിയ പപ്പു യാദവ് എന്നറിയപ്പെടുന്ന മുന്‍ എം.പി. രാജേഷ് രഞ്ജന്‍ പൂര്‍ണിയ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ്. അവിടെ മുന്‍മന്ത്രി ബിമ ഭാരതിക്ക് ആര്‍.ജെ.ഡി. സീറ്റ് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ലോകം ഉപേക്ഷിക്കേണ്ടിവന്നാലും പൂര്‍ണിയ വിട്ടുപോകില്ലെന്നാണ് പപ്പു യാദവ് പറയുന്നത്.