ജോറെൽ കൺലേയും മോണിക്ക ബ്രസോസ്‌കയും | Photo: instagram/ life_by_any_means

പല തരത്തിലും ജീവിതം ആഘോഷമാക്കുന്നവരുണ്ട്. സാധാരണ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ജീവിതത്തില്‍ ആഹ്ലാദം കണ്ടെത്തുന്നവരുമുണ്ട്. അത്തരത്തില്‍ ജോലി ഉപേക്ഷിച്ച് കപ്പലിനുള്ളില്‍ ജീവിതം ആസ്വദിക്കുകയാണ് യുഎസില്‍ നിന്നുള്ള ദമ്പതിമാരായ മോണിക്ക ബ്രസോസ്‌കയും ജോറെല്‍ കണ്‍ലേയും.

ഒമ്പത് മുതല്‍ അഞ്ച് വരേയുള്ള എട്ട് മണിക്കൂര്‍ ജോലി ഉപേക്ഷിച്ചാണ് ഇരുവരും കപ്പലില്‍ താമസിക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ടെന്നസിയിലെ മെംഫിസിലുള്ള തങ്ങളുടെ വീട് വാടകയ്ക്ക് കൊടുക്കുകയും ബാക്കിയുള്ള സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്തു.

ഈ തീരുമാനത്തില്‍ ഏറെ സന്തുഷ്ടയാണെന്ന് അധ്യാപികയായിരുന്ന മോണിക്ക പറയുന്നു. ഭക്ഷണവും പാചകം ചെയ്യുന്നതുമെല്ലാം കപ്പലിലെ ജീവനക്കാരാണെന്നും താന്‍ ഇതെല്ലാം ചെയ്തിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായെന്നും അവര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കി.

ആളുകളില്‍ നിന്ന് അകന്നു കഴിയുന്നതിന്റെ ബുദ്ധിമുട്ട് ചിലപ്പോഴുണ്ടാകാറുണ്ട്. കുടുംബാംഗങ്ങളെ കാണാതിരിക്കുന്നതിന്റെ വിഷമവും ഇടയ്ക്കുണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. കുടുംബത്തിലുണ്ടായ ചില പ്രതിസന്ധികളാണ് കപ്പലില്‍ താമസിക്കാനുള്ള തീരുമാനം വേഗത്തിലാക്കിയതെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു.

വര്‍ഷത്തില്‍ എട്ട് ലക്ഷത്തോളം രൂപയാണ് താമസത്തിനും മറ്റുമായി ഇവര്‍ക്ക് ചെലവാകുന്നത്. ഈ ജീവിതം ആരംഭിച്ച ശേഷം ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. ഫിജി, ജപ്പാന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കപ്പലില്‍ വന്നിറങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 36 വ്യത്യസ്ത കപ്പലുകളിലാണ് ഇവര്‍ യാത്ര ചെയ്തത്.