Screengrab Courtesy: twitter.com/thetheorist_in

മുത്തശ്ശിയെ തറയില്‍ ഇരുത്തി പേരമകനും ഇയാളുടെ ഭാര്യയും നിരന്തരം മര്‍ദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്

ഭോപ്പാല്‍: ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ലെന്നാരോപിച്ച് വയോധികയ്ക്ക് ക്രൂരമര്‍ദനം. ഭോപ്പാല്‍ സ്വദേശിയായ 70-കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പേരമകനായ ദീപക് സെന്‍, ഭാര്യ പൂജ സെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് ദീപക്കും ഭാര്യയും ചേര്‍ന്ന് മുത്തശ്ശിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സലൂണ്‍ ഉടമയായ ദീപക്ക് സെന്നും കുടുംബവും ഭോപ്പാലിലെ ജഹാംഗിറാബാദിലാണ് താമസം. പ്രായമായ മുത്തശ്ശിയും ഇവരുടെ വീട്ടിലായിരുന്നു. പലപ്പോഴും ദമ്പതിമാര്‍ മുത്തശ്ശിയെ മര്‍ദിക്കാറുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞദിവസവും സമാനരീതിയില്‍ മുത്തശ്ശി ആക്രമണത്തിനിരയായി. എന്നാല്‍, ഈ സംഭവം അയല്‍ക്കാരന്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തുകയും വീഡിയോ പുറത്തുവിടുകയുമായിരുന്നു.

മുത്തശ്ശിയെ തറയില്‍ ഇരുത്തി പേരമകനും ഇയാളുടെ ഭാര്യയും നിരന്തരം മര്‍ദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. നിലത്തിരിക്കുന്ന മുത്തശ്ശിയെ പേരമകന്റെ ഭാര്യ കട്ടിലില്‍ ഇരുന്നാണ് വടികൊണ്ട് മര്‍ദിച്ചത്. നിരന്തരം വടി കൊണ്ട് അടിക്കുകയും കുത്തുകയും ചെയ്ത യുവതി, മുത്തശ്ശിയുടെ കൈപിടിച്ച് തിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതേസമയം, ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പേരമകന്‍ മുത്തശ്ശിയുടെ വായ പൊത്തിപിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ മുത്തശ്ശിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതിമാര്‍ ഭോപ്പാലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഝാന്‍സിയിലേക്കുള്ള യാത്രാമധ്യേ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇരുവരെയും ഭോപ്പാലിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.