Photo: X / @Cow__Momma

ദിസ്പുര്‍: അഞ്ഞൂറ് രൂപ നോട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങി അസമിലെ രാഷ്ട്രീയ നേതാവ്‌. അഞ്ഞൂറ് രൂപ നോട്ടുകള്‍ കൊണ്ടുള്ള കിടക്കയില്‍ കിടന്നുറങ്ങുന്ന ബെഞ്ചമിന്‍ ബസുമതാരി എന്ന യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. അസമില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. നോട്ടുകളുടെ മുകളില്‍ കിടക്കുന്നതുകൂടാതെ തന്റെ ശരീരമാസകലം നോട്ടുകള്‍ വിതറിയാണ് നേതാവിന്റെ ഉറക്കം.

ഉദല്‍ഗുരി ജില്ലയിലെ ഭൈരാഗുരിയില്‍ വില്ലേജ് കൗണ്‍സില്‍ ഡിവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ് ബെഞ്ചമിന്‍ ബസുമതാരി എന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം പ്രചരിച്ചതോടെ നേതാവിനെതിരെ വിവിധഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ നേതാവിന്റെ ചിത്രം വന്‍തോതിലാണ് പ്രചരിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രമുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ പങ്കുവെച്ചു.

എന്‍ഡിഎയും യുപിപിഎലും അഴിമതിരഹിതഭരണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നല്‍കുന്നതിനിടെ ഇത്തരത്തിലൊരു ഫോട്ടോ പ്രചരിക്കുന്നത് ഇരുകക്ഷികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.