രഞ്ജിത, ദർശൻ ബാബു | Photo Courtesy: twitter.com/tv9kannada

ബെംഗളൂരു: ഭര്‍ത്താവിന് പണം കടം നല്‍കിയവരുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിത(23)യാണ് വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്.

അനധികൃതമായ ഐ.പി.എല്‍. വാതുവെപ്പിനായി രഞ്ജിതയുടെ ഭര്‍ത്താവ് ദര്‍ശന്‍ ബാബു ഒട്ടേറെപേരില്‍നിന്നായി ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. വാതുവെപ്പില്‍ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനല്‍കാന്‍ കഴിയാതിരുന്നതോടെയുമാണ് കുടുംബത്തിന് നേരേ ഉപദ്രവം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് രഞ്ജിത ജീവനൊടുക്കിയെന്നാണ് പരാതി.

രഞ്ജിതയുടെ ഭര്‍ത്താവ് ദര്‍ശന്‍ ബാബു ഹൊസദുര്‍ഗയിലെ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. 2021 മുതല്‍ ഇയാള്‍ ഐ.പി.എല്‍. വാതുവെപ്പില്‍ സജീവമായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഏകദേശം ഒരുകോടിയോളം രൂപയുടെ കടബാധ്യതയും ഇയാള്‍ക്കുണ്ടായിരുന്നു.

2021 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ദര്‍ശന്‍ ബാബു ഐ.പി.എല്‍. വാതുവെപ്പിനായി ലക്ഷങ്ങള്‍ ചെലവഴിച്ചത്. ഇത് കുടുംബത്തിന്റെ സാമ്പത്തികനില താറുമാറാക്കി. വാതുവെപ്പിനായി ഏകദേശം രണ്ടുകോടിയോളം രൂപ ദര്‍ശന്‍ ബാബു പലരില്‍നിന്നായി കടം വാങ്ങിയിരുന്നു. വാതുവെപ്പില്‍ പരാജയപ്പെട്ടതോടെ ഇതെല്ലാം നഷ്ടമായി. കടം വാങ്ങിയ പണത്തില്‍ ഒരുകോടിയോളം രൂപ ഇയാള്‍ പിന്നീട് തിരിച്ചുനല്‍കി. എന്നാല്‍, 84 ലക്ഷത്തോളം രൂപ ഇനിയും തിരികെനല്‍കാനുണ്ടെന്നും രഞ്ജിതയുടെ കുടുംബം പറഞ്ഞു.

പണം വായ്പ നല്‍കിയവരുടെ നിരന്തരമായ ഉപദ്രവമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് രഞ്ജിതയുടെ പിതാവ് വെങ്കിടേഷിന്റെ പരാതിയില്‍ പറയുന്നത്. 2020-ലാണ് ദര്‍ശനും രഞ്ജിതയും വിവാഹിതരായത്. തൊട്ടടുത്തവര്‍ഷം തന്നെ ദര്‍ശന്റെ വാതുവെപ്പ് ഭ്രമത്തെക്കുറിച്ച് രഞ്ജിത അറിഞ്ഞിരുന്നു. ദമ്പതിമാര്‍ക്ക് രണ്ടുവയസുള്ള മകനുണ്ട്.

വാതുവെപ്പില്‍ താത്പര്യമില്ലാതിരുന്ന ദര്‍ശനെ മറ്റുചിലരാണ് നിര്‍ബന്ധിച്ച് വാതുവെപ്പില്‍ പങ്കാളിയാക്കിയതെന്നാണ് വെങ്കിടേഷിന്റെ ആരോപണം. എളുപ്പത്തില്‍ പണക്കാരനാകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇവര്‍ ദര്‍ശനെ വാതുവെപ്പില്‍ പങ്കാളിയാക്കിയത്. ഇവര്‍ തന്നെയാണ് വാതുവെപ്പിനായി പണവും സംഘടിപ്പിച്ചുനല്‍കിയത്. ചില ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങിയ ശേഷമാണ് ഇവര്‍ പണം കടം നല്‍കിയതെന്നും ഈ 13 പേരാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരെന്നും വെങ്കിടേഷ് പരാതിയില്‍ ആരോപിച്ചു.

അതേസമയം, രഞ്ജിതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ദര്‍ശന്‍ ബാബുവിന് പണം കടം നല്‍കിയ 13 പേരില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)