Photo | twitter.com/F1_Newsletter

ബുദാപെസ്റ്റ്: ഹംഗറിയില്‍ മോട്ടോര്‍സ്‌പോര്‍ട്ട് റാലിക്കിടെ കാര്‍ നിയന്ത്രണംവിട്ട് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. രണ്ട് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ റോഡില്‍വെച്ച് തെന്നിയ കാര്‍ കാണികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹംഗറിയിലെ രണ്ട് ദിവസത്തെ മോട്ടോര്‍ റേസിങ് പരിപാടിയായ എസ്റ്റര്‍ഗോം ന്യെര്‍ജസ് റാലിക്കിടെയാണ് സംഭവം. അതേസമയം, മത്സരത്തില്‍ പങ്കെടുത്ത കാറാണോ അപകടത്തില്‍പ്പെട്ടതെന്നതിന് സ്ഥിരീകരണമില്ല. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി എട്ട് ആംബുലന്‍സുകളും നാല് ഹെലിക്കോപ്ടറുകളുമെത്തിച്ചു. റേസിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ആറോളം പേരുടെ പരിക്കുകള്‍ സാരമുള്ളതല്ല. സംഭവത്തില്‍ ഹംഗേറിയന്‍ നാഷണല്‍ മോട്ടോര്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (എം.എന്‍.എ.എസ്.ഇസഡ്.) അനുശോചനം രേഖപ്പെടുത്തി.