അദിതി റാവു ഹൈദാരിയും സിദ്ധാർഥും | photo: instagram/sidharth

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വെച്ച് താരങ്ങൾ വിവാഹിതരായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം‘ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വിവാഹത്തെക്കുറിച്ച് താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി. അതിനാൽ വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ഇവരുടെ കുടുംബത്തിന് ദൃഢബന്ധമുണ്ട്. ഇക്കാരണം കൊണ്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് അദിതി റാവുവും സിദ്ധാർഥും വിവാഹിതരായതെന്നാണ് വിവരങ്ങൾ.

‘താജ്: ഡിവൈഡഡ് ബൈ ബ്ലഡ്’ എന്ന വെബ്സീരിസിലാണ് അദിതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സിദ്ധാർഥ് പ്രധാനവേഷത്തിലെത്തിയ ‘ചിത്താ’ ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കർ ഒരുക്കുന്ന ‘ഇന്ത്യൻ 2’ല്‍ താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.