കേരള കലാമണ്ഡലം | Photo : Facebook / Kerala Kalamandalam
തൃശ്ശൂര്‍: മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. വിഷയത്തില്‍ ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു. ഭരണസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ആശയമാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വി.സി. പറഞ്ഞു. ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടേയും നിലപാടുകള്‍ കേട്ട ശേഷമായിരിക്കും അനുകൂലമായ തീരുമാനത്തിലെത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാടാണുള്ളതെന്നും വി.സി. അറിയിച്ചു.
ഡോ. നീനപ്രസാദ് ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ നോമിനികള്‍ ബുധനാഴ്ച ഭരണസമിതിയില്‍ ചുമതലയേല്‍ക്കും. അതിനുശേഷമായിരിക്കും ഭരണസമിതിയോഗം നടക്കുക.
