ബിബിൻ

അടിമാലി (ഇടുക്കി): യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി, നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയെന്നാണ് പരാതി.

കട്ടപ്പനയിലെ ഒരു വിവാഹച്ചടങ്ങില്‍വെച്ചാണ് ബിബിനും യുവതിയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍വഴി ഇവരുടെ സൗഹൃദം വളര്‍ന്നു. അടുപ്പത്തിലായതോടെ ബിബിന്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.

ഈ ദൃശ്യങ്ങള്‍ കാണിച്ച് പീഡനം തുടര്‍ന്നതോടെ യുവതി പീഡനവിവരം വീട്ടുകാരോട് വെളിപ്പെടുത്തി. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും അടിമാലി പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.