ഷാഫി പറമ്പിൽ വടകരയിൽ പ്രചാരണത്തിനിടെ | Photo: facebook.com/shafiparambilmla
വടകര (കോഴിക്കോട്): തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അണികളും അനുഭാവികളുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ഥിക്കായി അനൗദ്യോഗികമായി പ്രചാരണം നടത്താറുണ്ട്. അതില്‍ ചിലതെല്ലാം ഔദ്യോഗിക പ്രചാരണങ്ങളെ കടത്തിവെട്ടുന്നതുമായിരിക്കും. വടകരയിലെ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനുവേണ്ടിയും അത്തരത്തില്‍ വ്യത്യസ്തമായ പ്രചാരണ മാര്‍ഗങ്ങളാണ് ചില പ്രവര്‍ത്തകര്‍ അവതരിപ്പിച്ചത്.
അതിലൊന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവം ഒരു കല്യാണക്കത്താണ്. കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നാട്ടിലെ സാധാരണ ഒരു കല്യാണക്കത്ത്. പക്ഷേ ‘കത്ത്’ പൂര്‍ണമായി വായിച്ചാല്‍, അത് വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തല്ല, മറിച്ച് ഷാഫി പറമ്പിലിനായുള്ള യു.ഡി.എഫിന്റെ വ്യത്യസ്തമായ വോട്ടഭ്യര്‍ഥനയാണെന്ന് മനസിലാകും.
‘വിവാഹ’ത്തിലെ വരന്‍ ഷാഫി പറമ്പിലാണ്. വധു ജനാധിപത്യവും. വോട്ടിങ് സുദിനം 2024 ഏപ്രില്‍ 26 ആണെന്നും മുഹൂര്‍ത്തം പകല്‍ ഏഴിനും അഞ്ചിനും ഇടയിലാണെന്നും കത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് വേദി പോളിങ് സ്‌റ്റേഷനാണ്! ഇത്തരത്തില്‍ രസകരമായാണ് കത്തിന്റെ ആദ്യഭാഗമെങ്കില്‍ ഇതിന് ശേഷമുള്ള കാര്യങ്ങള്‍ രാജ്യം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യത്തിലേക്കുള്ള സൂചന കൂടി നല്‍കുന്നുണ്ട്.
‘അന്നേ ദിവസം രാവിലെ മുതല്‍ ഇന്ത്യ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ താങ്കളെ കുടുംബസമേതം പോളിംഗ് സ്‌റ്റേഷനിലേക്ക് ക്ഷണിക്കുന്നു’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ‘കല്യാണക്കത്ത്’ ഇറക്കിയിരിക്കുന്നത്. കത്തിന് മുകളിലായി ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഗതി അനൗദ്യോഗികമാണെങ്കിലും വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ‘കല്യാണക്കത്ത്’ വൈറലായിരിക്കുകയാണ്. വ്യത്യസ്തവും മികച്ചതുമായ ഒരു പ്രചാരണ രീതിയാണെന്നാണ് വടകരയിലെ യു.ഡി.എഫ്. നേതാക്കള്‍ പോലും പറയുന്നത്.
വൈറലായ ആ കല്യാണക്കത്ത്

