തലശ്ശേരി മാഹി ബൈപ്പാസ്

കേരളത്തിന് എല്ലാകാലത്തും പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് റോഡുകളുടെ ശോചനീയാവസ്ഥയും വലിപ്പം കുറഞ്ഞ റോഡുകളുടെയും പേരിലായിരുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും റോഡുകള്‍ക്ക് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഈ അവസ്ഥ മാറുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരി പാത വൈകാതെ യാഥാര്‍ഥ്യമാകുകയാണ്. ഇതിന്റെ തുടക്കമെന്നോണം തലശേരി-മാഹി ആറുവരി ബൈപ്പാസ് തുറക്കുകയും ചെയ്തു.

കൂടുതല്‍ മികച്ച റോഡുകള്‍ തുറക്കുന്നതോടെ യാത്ര സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും യാത്രകളുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുമെന്നത് ആശ്വാസിക്കാന്‍ വക നല്‍കുന്നവയാണ്. എന്നാല്‍, അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതകളും ഇതിനൊപ്പമുണ്ട്. കേവലം രണ്ടുവരി പാതയില്‍ കൂടി തന്നെ സകല അഭ്യാസങ്ങളും കാണിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ വിശാലമായ റോഡ് കൂടി ലഭിക്കുന്നതോടെ ഉണ്ടാകാനുള്ള അപകടങ്ങളെ കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത മൈസൂരൂ-ബെംഗളൂരു അതിവേഗപാതയില്‍ ഉണ്ടായിട്ടുള്ള അപകടങ്ങള്‍ നിരവധിയാണ്. അമിതവേഗവും തോന്നിയത് പോലെ ലെയ്ന്‍ മാറിയുള്ള ഡ്രൈവിങ്ങുമൊക്കെയാണ് അപകടത്തിന് കാരണമായി വിലയിരുത്തിയിരുന്നത്. മള്‍ട്ടി ലെയ്ന്‍ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സുക്ഷിതമായ ഡ്രൈവിങ്ങില്‍ പാലിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കാന്‍

  • വിശാലമായ റോഡ് കാണുമ്പോള്‍ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
  • വാഹനങ്ങള്‍ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.
  • മൂന്നു ലെയിനുകളില്‍ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് (അനുമതി ഉണ്ടെങ്കില്‍ ടു വീലര്‍, 3 വീലര്‍, ചരക്കു വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍) ഉള്ളതാണ്.
  • രണ്ടാമത്തെ ലെയിന്‍ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
  • മൂന്നാമത്തെ ലെയിന്‍ വാഹനങ്ങള്‍ക്ക് മറികടക്കേണ്ടി വരുമ്പോള്‍ മറികടക്കാന്‍ മാത്രമുള്ളതാണ്. കൂടാതെ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഈ ലൈന്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമാകും.
  • ഏതു ലെയിനിലെ വാഹനവും മറികടക്കേണ്ടി വരുമ്പോള്‍ ഗ്ലാസില്‍ നോക്കി, സിഗ്നല്‍ നല്‍കിയതിനുശേഷം വലതുവശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് സ്വന്തം ലെയിനില്‍ വരണം.
  • ഏതെങ്കിലും കാരണവശാല്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വലതുവശത്തെ വാഹനം കുറഞ്ഞ വേഗത്തിലാണ് പോകുന്നതെങ്കില്‍ അപകടങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കി ഇടതുവശത്തുകൂടി മറികടക്കാം.
  • സര്‍വീസ് റോഡില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ സിഗ്നല്‍ നല്‍കി കണ്ണാടിയില്‍ നോക്കി, മെര്‍ജിംഗ് ലെയിനിലൂടെ വേഗത വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാം.
  • മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ലെയിനില്‍നിന്ന് സിഗ്‌നല്‍ നല്‍കി, ബ്ലൈന്റ് സ്‌പോട്ട് ചെക്ക് ചെയ്ത്, ഇടത് ലെയിനിലെത്തി സര്‍വീസ് റോഡില്‍ കയറാം.
  • കുറെ ദൂരം സഞ്ചരിക്കുന്ന ലെയിനില്‍ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
  • ലെയിന്‍ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമം 177 A പ്രകാരം നിയമനടപടികള്‍ കര്‍ശനമായിരിക്കും.