ജി. കൃഷ്ണകുമാർ.

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. പോലീസെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.

ഇവിടെ നടക്കുന്നതാണ് യഥാർഥ ഫാസിസമെന്ന് സംഭവത്തിൽ ജി. കൃഷ്ണകുമാർ പ്രതികരിച്ചു. ‘വോട്ട് അഭ്യര്‍ഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. തൊട്ടുമുമ്പ് എതിര്‍ സ്ഥാനാര്‍ഥികളായ മുകേഷും എന്‍.കെ പ്രേമചന്ദ്രനും കോളേജിലെത്തിയിരുന്നു. പക്ഷേ, ഞങ്ങള്‍ വന്നപ്പോള്‍ എസ്.എഫ്.ഐക്കാര്‍ കുറുകെ നിന്ന് കൃഷ്ണകുമാറിന് ഈ കോളേജിലേക്ക് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ഥിക്ക് പ്രവേശനമില്ല എന്ന് പറഞ്ഞു. ഫാസിസം എന്ന് പറഞ്ഞ് യു.പിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവര്‍ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം’, അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെയാണ് കൊല്ലത്തെ ചിത്രം തെളിഞ്ഞത്. ‌ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാറിന്റെ പേരുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം വഴിയാണ് ബി.ജെ.പി. സംസ്ഥാനസമിതി അംഗംകൂടിയായ കൃഷ്ണകുമാർ എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ.