സുനിൽ ഛേത്രി Photo | AFP

ഗുവാഹാട്ടി: ലോക ഫുട്‌ബോളിന്റെ നെറുകയില്‍ കേള്‍ക്കാന്‍ തക്ക വണ്ണമുള്ള പേരും പെരുമയുമൊന്നും ഇന്ത്യന്‍ ഫുട്‌ബോളിനില്ല. ആഗോള തലത്തിലുള്ള വലിയ കിരീടങ്ങളും ഫുട്‌ബോളില്‍ ഇന്ത്യക്ക് സ്വന്തമില്ല. ലോകകപ്പ് യോഗ്യത നേടുക എന്നതുപോലും അതിമോഹമാണെന്ന് കരുതുന്നവരാണ് ഒട്ടു ഇന്ത്യക്കാരും. പക്ഷേ, ഫുട്‌ബോള്‍ റെക്കോഡുകള്‍ കൊണ്ട് ലോകോത്തര താരങ്ങള്‍ക്കൊപ്പമോ തൊട്ടു താഴെയോ നില്‍ക്കുന്ന ഒരു പ്രതിഭ നമുക്കുണ്ട്. പേര് സുനില്‍ ഛേത്രി. സ്വദേശം-സെക്കന്തരാബാദ്, തെലങ്കാന.

2005 തൊട്ട് ഈ നിമിഷം വരെയുള്ള നമ്മുടെ ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഈ പേര് നിത്യസാന്നിധ്യമായുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ ആവുന്നതോടെ സുനില്‍ ഛേത്രിയുടെ ഈ സാന്നിധ്യത്തിന് രണ്ട് പതിറ്റാണ്ടാവും. 20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമല്ല.

ഛേത്രിക്ക് ഇപ്പോള്‍ 39 വയസ്സായി. ഇന്ന് അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ മത്സരമുണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന ഇന്ത്യ, അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി രുചിച്ചു. മത്സരത്തിന്റെ 68-ാം മിനിറ്റില്‍ ഛേത്രിയെ പിന്‍വലിച്ചു. 70-ാം മിനിറ്റിലും തുടര്‍ന്ന് 88-ാം മിനിറ്റിലും ലഭിച്ച രണ്ട് ഗോളുകള്‍ വഴി ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാനിസ്താന്‍ വിജയക്കൊടി നാട്ടി.

37-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 36-ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മന്‍വീര്‍ സിങ് നല്‍കിയ ക്രോസ് അഫ്ഗാന്‍ താരം അമിരി കൈകൊണ്ട് തടുത്തു. ഇതോടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ച്ചെന്ന് തറച്ചു. അഫ്ഗാന്‍ ഗോള്‍ക്കീപ്പര്‍ അസീസി വലതുവശത്തേക്ക് തന്നെ ചാടിയെങ്കിലും ഛേത്രിയുടെ ശക്തമായ ഷോട്ട് പ്രതിരോധിക്കാനായില്ല. ഇതോടെ ഇന്ത്യ മേധാവിത്വം പുലര്‍ത്തി (1-0).

കളിയില്‍ പിന്നീട് തോറ്റെങ്കിലും ഛേത്രിയുടെ ഈ ഗോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഇന്ന് ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞെന്നത് ഛേത്രിയെ സംബന്ധിച്ച വലിയ സൗഭാഗ്യമാണ്. നിര്‍ണായക മത്സരങ്ങളില്‍ ഗോളടിക്കുക എന്നത് ഛേത്രിയെ സംബന്ധിച്ച പുതിയ കാര്യമല്ല. പണ്ടുമുതലേ അതങ്ങനെയാണ്.

അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ ഗോള്‍ നേടിയാണ് തുടക്കം. തുടര്‍ന്ന് പത്താമത്തെയും ഇരുപത്തഞ്ചാമത്തെയും അന്‍പതാമത്തെയും എഴുപത്തഞ്ചാമത്തെയും നൂറാമത്തെയും നൂറ്റി ഇരുപത്തഞ്ചാമത്തെയും ഇപ്പോള്‍ നൂറ്റന്‍പതാമത്തെയും മത്സരങ്ങളിലെല്ലാം ഛേത്രി ഗോളടിച്ചിട്ടുണ്ട്.

150 മത്സരങ്ങളില്‍നിന്നായി 94 ഗോളുകളാണ് ഛേത്രി നേടിയത്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് ഛേത്രിക്കു മുന്നിലുള്ള നിലവിലെ കളിക്കാര്‍. ക്രിസ്റ്റിയാനോ 128 ഗോളുകളും മെസ്സി 106 ഗോളുകളുമാണ് നേടിയത്. ഇവര്‍ക്കു കീഴില്‍ മൂന്നാം സ്ഥാനത്തുവരും ഇന്ത്യയുടെ സ്വന്തം ഛേത്രി. അര്‍ജുന അവാര്‍ഡ്, പദ്മശ്രീ, ഖേല്‍ രത്‌ന എന്നീ ബഹുമതികള്‍ കൊണ്ട് ഛേത്രിയെ ആദരിച്ചിട്ടുണ്ട് ഇന്ത്യ.