ഡോ. അഭിരാമി
അമിതയളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയത് അമിതമായ അളവിൽ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചാണെന്ന് നിഗമനം. തിരുവനന്തപുരം വെള്ളനാട് സ്വദേശിനി ഡോ. അഭിരാമി(30)യെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ ഉള്ളൂര്‍ പി.ടി. ചാക്കോ നഗറിലെ വാടകഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റായിരുന്നു അഭിരാമി.
ചൊവ്വാഴ്ച വൈകിട്ട് മുറി തുറക്കാത്തതിനാല്‍ വീട്ടുടമയും സുഹൃത്തുക്കളും നടത്തിയ പരിശോധനയിലാണ് അഭിരാമിയെ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അഭിരാമി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് മാത്രമാണ് കത്തില്‍ എഴുതിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തില്‍ മുന്‍ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ് അഭിരാമി. ആറുമാസം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് കൊല്ലം രാമന്‍കുളങ്ങര സ്വദേശി ഡോ. പ്രതീഷ് മുംബൈ ഇ.എസ്.ഐ. ആശുപത്രിയില്‍ ഡോക്ടറാണ്.
വീട്ടുടമ പറയുന്നത്…
വൈകിട്ട് 6.35-ന് അഭിരാമിയുടെ അമ്മ ഫോണില്‍ വിളിച്ച് മകളെ ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞു. ഒന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടു. ഞാന്‍ ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അഭിരാമി നാലരയ്ക്ക് വന്നതായും മുറിയിലുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഭാര്യ മുറിയില്‍ പോയി വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. അതോടെ ഞാനും പോയി വാതിലില്‍ തട്ടി. എന്നിട്ടും തുറന്നില്ല. തുടര്‍ന്ന് പിറകിലൂടെ പോയി ജനലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ജനല്‍ച്ചില്ല് പൊട്ടിച്ച് അകത്തേക്ക് നോക്കിയപ്പോളാണ് അഭിരാമിയെ കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടത്. കൈയില്‍ ഒരു സിറിഞ്ചും ഉണ്ടായിരുന്നു. ഇത് കണ്ടതോടെ ഇവിടെ താമസിക്കുന്ന മറ്റൊരു ഡോക്ടറെ വിളിച്ചു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മുറി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.
വൈകിട്ടും അച്ഛനുമായി സംസാരിച്ചു, കുടുംബപ്രശ്‌നങ്ങളില്ല- ബന്ധു
അഭിരാമി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടേണ്ട കാരണങ്ങളില്ല. പക്ഷേ, ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് അറിയണം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിക്കും അച്ഛനുമായി സംസാരിച്ചിരുന്നു. കൊല്ലത്തെ ഭര്‍തൃവീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അച്ഛനോട് പറഞ്ഞിരുന്നത്. അപ്പോഴൊന്നും അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. അതിനുശേഷമാണ് ഇത് സംഭവിച്ചത്. എന്താണ് കാരണമെന്ന് പോലീസ് കണ്ടെത്തണം. കുടുംബപ്രശ്‌നങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലെന്നും പഞ്ചായത്ത് അംഗം കൂടിയായ ബന്ധു പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
