2024 നിസാൻ കിക്‌സ് | Photo: Nissan USA

മിറ്റ്‌സ്തുബിഷി എക്‌സ്‌ഫോഴ്‌സ് എസ്.യു.വിക്ക് സമാനമായാണ് പുതിയ കിക്‌സിന്റെ വേഷവിധാനം

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ പോപ്പുലര്‍ എസ്.യു.വി.മോഡലായ കിക്‌സിന്റെ പുതിയ പതിപ്പ് വെളിപ്പെടുത്തി. 2024 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ ഈ വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് ഈ വാഹനത്തിന്റെ വിവരങ്ങള്‍ നിസാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസൈനില്‍ കാര്യമായ അഴിച്ചുപണി വരുത്തിയതിനൊപ്പം അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള അകത്തളവുമാണ് പുതിയ കിക്‌സില്‍ ഒരുക്കിയിട്ടുള്ളത്. മുന്‍ മോഡലിനെ അപേക്ഷിച്ച് അളവുകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്.

വലിയ മാറ്റങ്ങളാണ് വാഹനത്തിന്റെ ഡിസൈനില്‍ വരുത്തിയിട്ടുള്ളത്. മിറ്റ്‌സ്തുബിഷി എക്‌സ്‌ഫോഴ്‌സ് എസ്.യു.വിക്ക് സമാനമായാണ് പുതിയ കിക്‌സിന്റെ വേഷവിധാനം. വാഹനത്തെ സ്റ്റൈലിഷാക്കുന്ന ബോഡി പാനലുകള്‍. കറുപ്പ് നല്‍കി ഒരുക്കിയിട്ടുള്ള പുതിയ ഡിസൈന്‍ ഗ്രില്ല്, ലൈനുകള്‍ പോലെ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഭാവത്തില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, കാര്‍ബണ്‍ ഫൈബര്‍ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള ലോവര്‍ ലിപ്പ്, പവര്‍ ലൈനുകള്‍ എസ്.യു.വി. ഭാവം നല്‍കുന്ന ബോണറ്റ് എന്നിവയാണ് മുന്‍ഭാഗം അലങ്കരിക്കുന്നത്.

19 ഇഞ്ച് വലിപ്പത്തിലാണ് അലോയി വീലുകള്‍ തീര്‍ത്തിരിക്കുന്നത്. ഫൈബറില്‍ തീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ച് ഡോറിലേക്ക് നീളുമ്പോള്‍ ക്ലാഡിങ്ങ് ആകുന്നുണ്ട്. ഡോറില്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍ ഇരട്ട നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. കൂപ്പെയ്ക്ക് സമാനമാണ് റൂഫ്‌ലൈന്‍. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ്, ലൈറ്റുകളെ കണക്ട് ചെയ്യുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ട്, സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍ തുടങ്ങിയവ കിക്‌സിന്റെ പിന്‍ഭാഗത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്.

കൂടുതല്‍ പ്രീമിയം ഭാവത്തിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഒരു പാനലില്‍ തന്നെ രണ്ട് സ്‌ക്രീനുകള്‍ പോലെയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും നല്‍കിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമാണ് രണ്ടിനുമുള്ളത്. ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ ടച്ച് സെന്‍സിറ്റീവായാണ് നല്‍കിയിട്ടുള്ളത്. മികച്ച മെറ്റീരിയര്‍ കൊണ്ട് ആകര്‍ഷകമായ ഡിസൈനിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങയ ഫീച്ചറുകളും ഇന്റീരിയറിനെ പ്രീമിയം ആക്കുന്നു.

പുതിയ പ്ലാറ്റ്‌ഫോമിലാണ് കിക്‌സ് ഒരുങ്ങിയിട്ടുള്ളത്. ഡസ്റ്റര്‍ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് അടിസ്ഥാനമായ BO പ്ലാറ്റ്‌ഫോമിലാണ് കിക്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. അതേസമയം, വി പ്ലാറ്റ്‌ഫോമിലാണ് കിക്‌സിന്റെ ഗ്ലോബല്‍ മോഡല്‍ തീര്‍ത്തിട്ടുള്ളത്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ മിറ്റ്‌സ്തുബിഷി എക്‌സ്‌ഫോഴ്‌സ് എസ്.യു.വിയുമായി പങ്കിട്ടാണ് കിക്‌സ് എത്തുക. 141 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും കിക്‌സിന്റെ ഹൃദയം. നിസാന്‍ എക്‌സ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും ഇതില്‍ നല്‍കുന്നത്.

അഡാസ് അടിസ്ഥാനമാക്കിയുള്ള സുരക്ഷ സംവിധാനങ്ങളും കിക്‌സിന്റെ മാറ്റുകൂട്ടും. പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ സംവിധാനമുള്ള ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, റിയര്‍ ഓട്ടോമാറ്റിക് ബ്രേക്കിങ്ങ്, ബ്ലൈന്‍ഡ് സ്‌പോട്ട് വാണിങ്ങ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഹൈ ബീം അസിസ്റ്റ്, സ്റ്റീയറിങ്ങ് അസിസ്റ്റ് ഉള്‍പ്പെടെ ഉറപ്പാക്കുന്ന നിസാന്‍ പ്രോ പൈലറ്റ് അസിസ്റ്റ് സംവിധാനവും ചേര്‍ന്നുള്ള കാര്യക്ഷമമായ സുരക്ഷ സംവിധാനമാണ് പുതിയ കിക്‌സില്‍ നിസാന്‍ ഉറപ്പാക്കിയിട്ടുള്ളത്.