മത്സരശേഷം അനുഷ്‌ക ശർമയെ വീഡിയോ കോൾ ചെയ്യുന്ന വിരാട് കോലി/ കോലിയും അനുഷ്‌കയും | Photo: instagram/ virushka fans/ virat kohli
പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ കുറച്ചുനേരത്തേക്കെങ്കിലും മറന്നുപോകുന്നവരാണ് പലരും. ജോലിക്കിടയില്‍ ഫോണ്‍ വിളിക്കാന്‍പോലും പലരും മുതിരാറില്ല. എന്നാല്‍ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുന്ന വ്യക്തിയാണ് വിരാട് കോലി. ഐപിഎല്‍ മത്സരത്തിനിടയിലും വിരാട് കോലിയെന്ന ‘ഫാമിലി മാനെ’ ആരാധകര്‍ കണ്ടു.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്ത കോലി എല്ലാവരുടേയും കൈയടി നേടിയിരുന്നു. ഈ മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ബെംഗളൂരു താരം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ വീഡിയോ കോള്‍ ചെയ്തു. ഗ്രൗണ്ടിനുള്ളില്‍ നിന്ന് തന്നെയായിരുന്നു ഈ കോള്‍.
അനുഷ്‌കയോടും മക്കളായ വാമികയോടും സംസാരിക്കുന്നതും മകന്‍ അകായിയെ ലാളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. നിമിഷനേരത്തിനുള്ളിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് രണ്ട് മാസത്തെ അവധിയെടുത്ത ശേഷമാണ് കോലി ബെംഗളൂരു ടീമിനൊപ്പം ചേര്‍ന്നത്. അനുഷ്‌കയുടെ പ്രസവവും കുഞ്ഞിന്റെ പരിചരണവുമായെല്ലാം ബന്ധപ്പെട്ടാണ് കോലി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. ആ സമയത്ത് കുടുംബത്തോടൊപ്പം താരം വിദേശത്തായിരുന്നു. ലണ്ടനിലായിരുന്നുവെന്നാണ് സൂചന.
പഞ്ചാബിനെതിരായ മത്സരശേഷം ഈ അജ്ഞാത വാസത്തെ കുറിച്ച് കോലിയോട് അവതാരകന്‍ ഹര്‍ഷ ഭോഗ്ലെ ചോദിച്ചു. ആരും തിരിച്ചറിയാത്ത സ്ഥലത്തായിരുന്നു താനും കുടുംബവും താമസിച്ചിരുന്നതെന്നാണ് കോലി മറുപടി നല്‍കിയത്. ‘ഞങ്ങള്‍ നാട്ടിലില്ലായിരുന്നു. ആരും തിരിച്ചറിയാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍. ഒരു കുടുംബമെന്ന നിലയില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയും രണ്ട് മാസത്തേക്ക് സാധാരണ ജീവിതം നയിക്കുകയും ചെയ്തു. അതൊരു അതിശയകരമായ അനുഭവമായിരുന്നു.’കോലി പറയുന്നു.
ആരും തിരിച്ചറിയാതെ റോഡിലൂടെയെല്ലാം സാധാരണക്കാരനായി നടന്നു. ആരും തന്റെ പേര് വിളിച്ച് പിന്നാലെ വന്നില്ല. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയപ്പോള്‍ ബഹളങ്ങളും ആരവങ്ങളും അരോചകമുണ്ടാക്കിയെന്നും ആരാധകരെ ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരി 20-നാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഫെബ്രുവരി 15-നാണ് കോലിക്കും അനുഷ്‌കയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. അകായ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രണ്ട് വയസുകാരിയായ വാമികയാണ് ഇരുവരുടേയും ആദ്യത്തെ കുഞ്ഞ്.
