Photo | PTI
ചെന്നൈ: ചെപ്പോക്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളി ആസ്വദിക്കാനെത്തുന്നവര്‍ക്ക് പലപ്പോഴും നിരാശപ്പെടേണ്ടി വരാറില്ല. പുതിയ സീസണില്‍ തന്ത്രങ്ങളുടെ തലപ്പത്തുനിന്ന് ധോനി മാറിയപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം വിജയക്കൊടി പറത്തി. ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍-ചെന്നൈ: 206/6 (20 ഓവര്‍). ഗുജറാത്ത്: 143/8 (20 ഓവര്‍).
ശിവം ദുബെയുടെ മിന്നലടിയും ക്യാപ്റ്റന്റെയും രചിന്‍ രവീന്ദ്രയുടെയും കിടിലന്‍ തുടക്കവുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, തുടക്കം മുതല്‍ത്തന്നെ ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ചെന്നൈ നേടിയത്. 23 പന്തില്‍നിന്ന് 51 റണ്‍സെടുത്ത ശിവം ദുബെ ഗുജറാത്തിന് കൂടുതല്‍ അപകടം വിതച്ചു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് കരുത്തുറ്റ തുടക്കം നല്‍കിയതും ചെന്നൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു.
ഓപ്പണര്‍മാരായ ഗെയ്ക്‌വാദും രചിന്‍ രവീന്ദ്രയും അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ ആദ്യ ഓവറില്‍ പതിഞ്ഞുനിന്നു. ഒമര്‍സായ് വഴങ്ങിയത് വെറും രണ്ട് റണ്‍സ്. പക്ഷേ, പിന്നീടെത്തിയ ഉമേഷ് യാദവിന്റെ ഓവര്‍ മുതലാണ് കടുത്ത ആക്രമണം തുടങ്ങിയത്. രചിന്‍ രവീന്ദ്ര അടിച്ചുകളിച്ചതോടെ പവര്‍പ്ലേയില്‍ത്തന്നെ ചെന്നൈ നേടിയത് 69 റണ്‍സ്.
ആറാം ഓവറില്‍ രചിന്‍ രവീന്ദ്രയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് റാഷിദ് ഖാനാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 20 പന്തുകളില്‍ മൂന്ന് സിക്സും ആറ് ഫോറുമടക്കം 46 റണ്‍സാണ് രവീന്ദ്ര നേടിയത്. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയെ (12 പന്തില്‍ 12) സായ് കിഷോര്‍ സാഹയുടെ കൈകളിലെത്തിച്ചു.
പിന്നീട് ഗെയ്ക്ക്വാദും ശിവം ദുബെയും ചേര്‍ന്നായി ആക്രമണം. 11 ഓവര്‍ പിന്നിട്ടപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ്. 13-ാം ഓവറില്‍ ഗെയ്ക്ക്വാദിനെ സ്പെന്‍സര്‍ ജോണ്‍സണ്‍ സാഹയുടെ കൈകളിലേക്ക് നല്‍കി മടക്കി (36 പന്തില്‍ 46 റണ്‍സ്). 19-ാം ഓവറില്‍ ശിവം ദുബെ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 184. ദുബെയും ഡറില്‍ മിച്ചലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഡറില്‍ മിച്ചല്‍ 20 പന്തില്‍ 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. കോടികളുടെ കിലുക്കത്തോടെ വിളിച്ചെടുത്ത സമീര്‍ റിസ്വി ആറ് പന്തില്‍ 14 റണ്‍സെടുത്തു. രണ്ട് സിക്സ് ഉള്‍പ്പെടെയാണിത്. മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കിയാണ് റിസ്വി മടങ്ങിയത്. അവസാന പന്തില്‍ രവീന്ദ്ര ജഡേജ റണ്ണൗട്ടായി (3 പന്തില്‍ 7 റണ്‍സ്).
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മൂന്നാം ഓവറില്‍ത്തന്നെ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റനെ ദീപക് ചാഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പവര്‍ പ്ലേയ്ക്കുള്ളില്‍ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെയും ചാഹര്‍ തന്നെയാണ് പറഞ്ഞയച്ചത്. 17 പന്തില്‍ 21 റണ്‍സെടുത്ത താരത്തെ തുഷാര്‍ ദേശ്പാണ്ഡെയുടെ കൈകളിലേക്ക് നല്‍കുകയായിരുന്നു.
ഡറില്‍ മിച്ചലിന്റെ പന്തില്‍ ധോനിക്ക് ക്യാച്ച് നല്‍കി വിജയ് ശങ്കറും (12 പന്തില്‍ 12) മടങ്ങിയതോടെ ഗുജറാത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. 16 പന്തില്‍ 21 റണ്‍സെടുത്ത് ഡേവിഡ് മില്ലറും മടങ്ങി. 31 പന്തില്‍ 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മതീശ പതിരണയ്ക്കാണ് സുദര്‍ശന്റെ വിക്കറ്റ്. പിന്നാലെ അസ്മത്തുള്ള ഒമര്‍സായ് (11), റാഷിദ് ഖാന്‍ (1), രാഹുല്‍ തെവാട്ടിയ (6) എന്നിവരും മടങ്ങിയതോടെ ഗുജറാത്ത് മുട്ടുമടക്കി.
ചെന്നൈക്കുവേണ്ടി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍റഹ്‌മാന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഡറില്‍ മിച്ചലിനും മതീശ പതിരണയ്ക്കും ഓരോ വിക്കറ്റ്. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
