ധോണി ക്യാച്ച് എടുക്കുന്നു, ആരാധകർ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചിത്രം | Photo: Twitter/
ചെന്നൈ: ആരാധകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്നതിൽ മഹേന്ദ്രസിങ് ധോണി ധോണി കഴിഞ്ഞെ താരങ്ങളുള്ളൂ. ഐ.പി.എല്ലിൽ ചെന്നൈ സുപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ആരാധകരെ നിരാശനാക്കിയെങ്കിലും ഗ്രൗണ്ടിൽ അതൊന്നും പ്രതിഫലിക്കുന്നേയില്ല എന്നാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് ധോണി ആരാധകരോട് വിളിച്ചു പറയുന്നത്.
ഗുജറാത്തിനെിതരേയുള്ള മത്സരത്തിലെ ധോണിയുടെ കിടിലൻ ക്യാച്ചാണ് ഇപ്പോൾ ആരാധകലോത്തും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്.. ചെന്നൈ എം.എ. ചിദംബര സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരം. ഗുജറാത്തിനെതിരേ 63 റൺസിന്റെ ആധികാരിക വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ചർച്ചയായതാകട്ടെ ധോണിയുടെ കിടിലൻ ക്യാച്ചും.
ഗുജറാത്ത് ടൈറ്റൻസ് താരം വിജയ് ശങ്കറെ പുറത്താക്കാൻ വേണ്ടിയാണ് ധോണി മാരക ഡൈവിങ് നടത്തിയത്. ചെന്നൈ താരം ഡാരിൽ മിച്ചലിന്റെ പന്തിൽ വിജയ് ശങ്കർ എഡ്ജ് ചെയ്ത പന്തിനെ അതിവേഗത്തിൽ ഡൈവ് ചെയ്താണ് ധോണി കൈക്കുള്ളിലൊതുക്കിയത്. ബാറ്റിൽ തട്ടി പിന്നോട്ട് കുതിച്ച പന്ത് കൈക്കലാക്കാൻ ധോണിക്ക് വേണ്ടി വന്ന സമയമാകട്ടെ വെറു 0.6 സെക്കൻഡും. കൈയിലൊതുക്കിയ പന്ത് സാവകാശം വശത്തോട്ടെറിഞ്ഞ് പതിവുശൈലയിൽ പുഞ്ചിരിച്ച് നടന്നു നീങ്ങി. 42-ാം വയസ്സിലും 24-ന്റെ ചെറുപ്പമാണ് ധോണിക്കെന്നാണ് ആരാധകപക്ഷം.
