പ്രതീകാത്മക ചിത്രം | Photo: PTI

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ച ബുധനാഴ്ച കൊച്ചിയില്‍ നടക്കും. കേരള മാരിടൈം ബോര്‍ഡ് വിളിച്ച യോഗത്തില്‍ കപ്പല്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയടക്കം ഈ മേഖലയിലുള്ളവര്‍ പങ്കെടുക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് തീരം അടുക്കുക.

ഏതൊക്കെ തരത്തിലുള്ള കപ്പലുകളാണ് യാത്ര നടത്തുക, ടിക്കറ്റ് നിരക്ക്, യാത്രാസമയം, തുറമുഖങ്ങളുടെ സൗകര്യം എന്നിവയടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്ന് കപ്പല്‍ കമ്പനികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്കുശേഷം സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധരാകുന്ന കപ്പല്‍ കമ്പനികള്‍ക്ക് ഏപ്രില്‍ 22 വരെ താത്പര്യപത്രം സമര്‍പ്പിക്കാന്‍ അവസരമൊരുക്കും.

പ്രവാസികള്‍ക്കു പുറമേ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും യാത്രാ കപ്പലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായെത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇതും യാത്രാ കപ്പലുകള്‍ക്ക് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. വിമാന യാത്രയുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കപ്പല്‍യാത്രാ നിരക്ക് കുറവായിരിക്കുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അവകാശപ്പെട്ടു.