മുഹമ്മദ് ഫായിസിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കാളികാവ്(മലപ്പുറം): ഉദരംപൊയിലില്‍ രണ്ടരവയസ്സുകാരി ഫാത്തിമ നസ്‌റിന്‍ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിന്റെ (24) പേരില്‍ കൊലക്കുറ്റം ചുമത്തി. കുട്ടിയെ മര്‍ദിച്ചതിന് ബാലനീതി നിയമമനുസരിച്ചും കേസുണ്ട്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലാക്കി.
ഞായറാഴ്ച പകല്‍ രണ്ടിനാണ് കുഞ്ഞ് മരിച്ചത്. ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങിയെന്നുപറഞ്ഞ് മുഹമ്മദ് ഫായിസിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ ലക്ഷണം കണ്ട ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ദേശിച്ചു. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരികരക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നിരന്തരം മര്‍ദനമേറ്റതായും എഴുപതിലധികം മുറിവുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. അതിനിടെ മുഹമ്മദ് ഫായിസ് കുട്ടിയെ മര്‍ദിച്ചതായി മാതാവ് ശഹബാനത്ത് ആരോപിച്ചു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡി.എന്‍.എ. പരിശോധന നടത്തുന്നതിന് പ്രതിയുടെ രക്തസാമ്പിള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് ശേഖരിച്ചു. തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി.
കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്‍പിള്ള, എസ്.ഐ.മാരായ വി. ശശിധരന്‍, പി. സുബ്രഹ്‌മണ്യന്‍, എ.എസ്.ഐ. സാബിറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒന്നും സമ്മതിക്കാതെ ഫായിസ്
കുഞ്ഞിനെ മര്‍ദിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഫായിസ്. ഭക്ഷണം കഴിക്കാത്തതിന് ബഹളംവെക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. ശരീരത്തിലെ മുറിവ് എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് മൗനം പാലിക്കുകയാണ്. കുഞ്ഞിന്റെ മുഖം അവസാനമായി ഒരുനോക്കുകാണാനുള്ള ആഗ്രഹം പോലും ഫായിസ് പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
