വാഷിങ് മെഷീനിൽ ഒളിപ്പിച്ച രണ്ടര കോടി രൂപ | Photo: X (twitter) @ANI

ന്യൂഡല്‍ഹി: വാഷിങ് മെഷീനുള്ളില്‍ ഒളിപ്പിച്ച, കണക്കില്‍ പെടാത്ത 2.54 കോടി രൂപ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടികൂടി. ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, കുരുക്ഷേത്ര എന്നിവിടങ്ങളിലായുള്ള വിവിധ കമ്പനികളില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇവയിലൊന്നില്‍ നിന്നാണ് പണം പിടികൂടിയത്. എന്നാല്‍ ഏത് കമ്പനിയില്‍ നിന്നാണ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ച പണം പിടികൂടിയത് എന്ന് ഇ.ഡി. വ്യക്തമാക്കിയില്ല.

കാപ്രികോര്‍ണിയന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ലക്ഷ്മിടണ്‍ മാരിടൈം, ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍, രാജധാനി മെറ്റല്‍സ് ലിമിറ്റഡ്, സ്റ്റവര്‍ട്ട് അലോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗര്‍ ലിമിറ്റഡ്, വിനായക് സ്റ്റീല്‍സ് ലിമിറ്റഡ്, വസിഷ്ഠ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഇ.ഡി. കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരും പങ്കാളികളുമായ വിജയ് കുമാര്‍ ശുക്ല, സഞ്ജയ് ഗോസ്വാമി, സന്ദീപ് ഗാര്‍ഗ്, വിനോദ് കേദിയ എന്നിവര്‍ നിരീക്ഷണത്തിലാണ്.

‘വിശ്വസിനീയമായ കേന്ദ്ര’ത്തില്‍ നിന്നുള്ള നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നു. വിദേശ വിനിമയ ചട്ടലംഘനമാണ് (ഫെമ) കമ്പനികളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. സിങ്കപ്പൂരിലെ ഗ്യാലക്‌സി ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഹൊറൈസണ്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നീ കമ്പനികളിലേക്ക് ആരോപണ വിധേയരായ കമ്പനികള്‍ 1800 കോടി രൂപ ദുരൂഹമായി അയച്ചുവെന്നാണ് ഇ.ഡി. പറയുന്നത്. കമ്പനികളുടെ 47 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.