പ്രീതി സിന്റ താരലേലത്തിനിടെ/ ശശാങ്ക് സിങ്ങ്‌ | Photo: / Twitter IPL 2024

ഐപിഎല്‍ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് ടീമിലെടുത്ത ശശാങ്ക് സിങ്ങിനെ ആരും മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ ഡിസംബര്‍ 19-ന് നടന്ന മിനി ലേലത്തില്‍ പഞ്ചാബിന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ശശാങ്ക്. ആളുമാറിയാണ് ടീം താരത്തെ ടീമിലെടുത്തത്. ലേലം പിന്‍വലിക്കണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗര്‍ അത് സാധ്യമല്ലെന്ന് അറിയിച്ചു. ഇതോടെ ശശാങ്കിനേയും ടീം ബസില്‍ കയറ്റേണ്ട അവസ്ഥയാണ് പഞ്ചാബിന് വന്നത്.

എന്നാല്‍ ഈ അബദ്ധം അനുഗ്രഹമാകുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ കണ്ടത്. പഞ്ചാബിനായി ക്രീസിലിറങ്ങിയ 32-കാരന്‍ ഏഴാമനായി ക്രീസിലെത്തി എട്ട് പന്തില്‍ നിന്ന് 21 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും ഒരു ഫോറും ശശാങ്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനോട് നാല് വിക്കറ്റിന് തോറ്റെങ്കിലും ശശാങ്കിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

ഇതോടെ ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ‘ഇതിപ്പോ ലാഭായല്ലോ’ എന്ന അവസ്ഥയിലാണ് പഞ്ചാബുള്ളതെന്നും അബദ്ധം സംഭവിക്കുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കണമെന്നുമെല്ലാമാണ് ട്രോളുകള്‍.

ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19-കാരനായ ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെടുക്കാനായിരുന്നു പഞ്ചാബ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആളുമാറി ഛത്തീസ്ഗഡ് താരം ശശാങ്ക് സിങ്ങിനെ വിളിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷമാണ് ശശാങ്കിന് ലഭിച്ചത്. പിന്നാലെ ടീമിലെടുത്തതില്‍ നന്ദി അറിയിച്ചുള്ള ശശാങ്കിന്റെ വീഡിയോ പഞ്ചാബ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.