ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി പ്രദർശിപ്പിച്ച ഇലക്ട്രിക് മോഡൽ | Photo: Japan Mobility Show

സുസുക്കിയുടെ പോപ്പുലര്‍ ഡിസൈന്‍ മോഡലായ ടോള്‍ ബോയ് സ്‌റ്റൈലിലായിരിക്കും ഈ ഇലക്ട്രിക് വാഹനം ഒരുങ്ങുക

2023 ഒക്ടോബറില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഒരു കുഞ്ഞന്‍ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇ.ഡബ്ല്യു.എക്‌സ്. എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം ഇ.വി.എക്‌സ്. എന്ന ഇലക്ട്രിക് എസ്.യു.വിക്ക് ശേഷമെത്തിക്കുന്ന മോഡലായിരിക്കുമെന്നായികരുന്നു അഭ്യൂഹങ്ങള്‍. ഈ വാഹനത്തിന്റെ വരവ് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിച്ച് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലും ഈ വാഹനം എത്തിച്ചിരിക്കുകയാണ് സുസുക്കി.

ചെറുകാറുകളുടെ ശ്രേണിയിലേക്കായിരിക്കും ഇ.ഡബ്ല്യു.എക്‌സ് എത്തുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കോമറ്റ് ഇ.വി. പോലുള്ള വാഹനമായിരിക്കും ഇ.ഡബ്ല്യു.എക്‌സിന്റെ എതിരാളികള്‍. വലിപ്പത്തില്‍ കോമറ്റിനെക്കാള്‍ അല്‍പ്പം മുന്നിലായിരിക്കും സുസുക്കിയുടെ ഈ വാഹനവും. 3395 എം.എം. നീളവും 1475 എം.എം. വീതിയും 1620 എം.എം. ഉയരത്തിലുമായിരിക്കും ഇ.ഡബ്ല്യു.എക്‌സ് ഒരുങ്ങുക. മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോയെക്കാള്‍ കുഞ്ഞനായിരിക്കും ഇ.ഡബ്ല്യു.എക്‌സ്.

മാരുതി സുസുക്കിയുടെ പോപ്പുലര്‍ ഡിസൈന്‍ മോഡലായ ടോള്‍ ബോയ് സ്‌റ്റൈലിലായിരിക്കും ഈ ഇലക്ട്രിക് വാഹനം ഒരുങ്ങുക. സുസുക്കിയുടെ തന്നെ ഹാച്ച്ബാക്ക് മോഡലായ സോളിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇ.ഡബ്ല്യു.എക്‌സ്. തീര്‍ത്തിരിക്കുന്നത്. ആദ്യമായി ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ വാഹനം എത്തുന്നത്. 2026-27 വര്‍ഷത്തിലായിരിക്കും ഇ.ഡബ്ല്യു.എക്‌സ്. എന്ന മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്നതിനാല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ റേഞ്ച് ഇ.ഡബ്ല്യു.എക്‌സിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കിയുടെ പുതിയ കെ-ഇ.വി. ആര്‍ക്കിടെക്ചറിലായിരിക്കും ഇ.ഡബ്ല്യു.എക്സ് നിര്‍മിക്കുക. ഐസ് എന്‍ജിന്‍ വാഹനങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് പകരം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കെ-ഇ.വി, വൈ.വൈ.8 എന്നീ പ്ലാറ്റ്ഫോമുകള്‍ സുസുക്കി വികസിപ്പിക്കുന്നുെണ്ടന്നാണ് സൂചന.

ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവം പോലെ പൂര്‍ണമായും മൂടിക്കെട്ടിയ ഗ്രില്ലാണ് ഇ.ഡബ്ല്യു.എക്‌സിസുമുള്ളത്. ഗ്രില്ലിന് ചുറ്റിലും ലൈറ്റ് ബോര്‍ഡറുകളും നല്‍കിയിട്ടുണ്ട്. സുസുക്കി ലോഗോയും ഇതില്‍ നല്‍കിയിട്ടുണ്ട്. ബമ്പര്‍ വെര്‍ട്ടിക്കിളായി ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ ബി പില്ലര്‍ നല്‍കിയിട്ടില്ല. പകരം രണ്ട് ഗ്ലാസുകള്‍ക്കുമായി വലിയ വിന്‍ഡോ ബോര്‍ഡറാണ് നല്‍കിയിട്ടുള്ളത്. മുന്‍ഭാഗത്തേതിന് സമാനമായ ഡിസൈനിലാണ് ഈ വാഹനത്തിന്റെ പിന്‍ഭാഗവും ഒരുങ്ങിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി കുറഞ്ഞ വിലയില്‍ ഇറക്കുന്നതിനായി ഇ.വിയില്‍ ഉപയോഗിക്കുന്ന ബാറ്ററിയും മറ്റ് ഘടകങ്ങളും വികസിപ്പിക്കാനുള്ള പദ്ധതികള്‍ മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. 2031 സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം ഇന്ത്യയില്‍ അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന എന്ന ലക്ഷ്യത്തിലേക്കാണ് മാരുതിയുടെ യാത്ര. എല്ലാ സെഗ്മെിന്റിലുമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ 2025 മുതല്‍ 30 വരെയുള്ള കാലയളവില്‍ നിര്‍മിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിട്ടുള്ളത്.