രാഹുൽഗാന്ധിയും ഉദ്ധവ് താക്കറേയും | Photo: ANI

മുംബൈ: മഹാരാഷ്ട്രയില്‍ 17 സീറ്റുകളിലേക്ക് ശിവസേന ഉദ്ധവ് പക്ഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മഹാവികാസ് അഘാഡി സഖ്യത്തില്‍ കല്ലുകടി. ശിവസേന സഖ്യധര്‍മം പാലിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സഭാകക്ഷി നേതാവ്‌ ബാലാസാഹേബ് തോറോട്ട് രംഗത്തെത്തി. കോണ്‍ഗ്രസ് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച സാംഗ്ലി, മുംബൈ നഗരത്തിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ശിവസേന പ്രഖ്യാപിച്ചതാണ് അതൃപ്തിക്ക് കാരണമായത്.

ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ എന്തുകൊണ്ടാണ് ശിവസേന തിടുക്കം കാണിച്ചതെന്ന് അറിയില്ലെന്ന് തോറോട്ട് പറഞ്ഞു. മുംബൈയിലെ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്വാദ് അറിയിച്ചു. മുംബൈയിലെ സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാന്‍ ഇവര്‍ക്ക് താത്പര്യമുണ്ടായിരുന്നെന്നാണ് സൂചന.

മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുള്ള സഞ്ജയ് നിരുപം, ശിവസേന സ്ഥാനാര്‍ഥിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കിച്ചടി കള്ളനാണ് ശിവസേന സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കുവേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കില്ലന്നും സഞ്ജയ് നിരുപം പറഞ്ഞു. അതേസമയം, ശിവസേനയുടെ നടപടിയില്‍ ഒരു തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിന് സഞ്ജയ് നിരുപം അന്തശാസനം നല്‍കി. ഇതിനുള്ളില്‍ ഒരു പരിഹാരം ഉണ്ടായില്ലെങ്കില്‍ തന്റെ വഴി നോക്കുമെന്നും തനിക്കുമുന്നില്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന് പ്രകാശ് അബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി പ്രഖ്യാപിച്ചു. ഒമ്പതു സ്ഥാനാര്‍ഥികളുടെ പട്ടികയും അവര്‍ പ്രഖ്യാപിച്ചു. അകോലയില്‍ പ്രകാശ് അംബേദ്കര്‍ മത്സരിക്കും. നാഗ്പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മറാഠ സംവരണപ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലുമായി ചര്‍ച്ച നടത്തിയെന്നും തീരുമാനത്തിനായി കുറച്ചു ദിവസം കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പ്രകാശ് അബേദ്കര്‍ അറിയിച്ചു.